തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനെ രാജിഭവൻ ആക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എല്ലാവരും രാജിവയ്‌ക്കണം എന്നാണ് ഗവർണർ നിരന്തരം ആവശ്യപ്പെടുന്നത്. ഭരണഘടന നൽകുന്ന അധികാരം വച്ച് ഗവർണർ ചെയ്യാൻ കഴിയുന്നത് ചെയ്യണം. അല്ലാതെ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ടെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.
സ്വർണ കടത്ത് കേസ് ദേശീയ ഏജൻസി ആണ് അന്വേഷിക്കുന്നത്. അവർ കണ്ടെത്തിയതിൽ കൂടുതൽ ഗവർണർക്ക് അറിയാമോ എന്ന് അറിയില്ല. അതിന് സർക്കാരിനെ കുറ്റം പറയേണ്ട.
ഇടതുമുന്നണി ഇന്നലെ ജനകീയ കൺവെൻഷനിൽ പറഞ്ഞ കാര്യങ്ങളിൽ ഗവർണർ പ്രകോപിതനാകേണ്ട ആവശ്യമില്ല. ഭരണഘടന വിരുദ്ധമായ നടപടികൾ കേരളത്തിലെ ജനങ്ങൾ അംഗീകരിക്കില്ല. ഗവർണർ പേടിപ്പിക്കേണ്ട. എവിടെ വരെ പോകുമെന്ന് നോക്കട്ടെ എന്നും കാനം പ്രതികരിച്ചു.