തിരുവനന്തപുരം : സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ മുസ്ലിം ലീഗ് അനുകൂല പ്രസ്‌താവനയിൽ സിപിഐയ്‌ക്ക് അതൃപ്‌തി. അനവസരത്തിലാണ് ഇത്തരമൊരു പ്രസ്‌താവനയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തൽ. ഇപ്പോൾ ഇത്തരമൊരു പരാമർശം അനാവശ്യ ചർച്ചകൾക്ക് വഴിയൊരുക്കും.
യുഡിഎഫിലെ ഒരു കക്ഷിയെ പുകഴ്‌ത്തേണ്ട കാര്യം ഇല്ലായിരുന്നുവെന്നുമാണ് സി പി ഐ നേതൃത്വത്തിന്‍റെ നിലപാട്. യുഡിഎഫ് വിടില്ലെന്ന ലീഗ് മറുപടി ചോദിച്ചുവാങ്ങിയത് പോലെയായി. യുഡിഎഫിൽ അസംതൃപ്‌തി ഉണ്ടെങ്കിൽ ആദ്യം ലീഗ് ആണ് പറയേണ്ടത് എന്നും സിപിഐ നേതൃത്വം വ്യക്തമാക്കി.
ഈ വിഷയത്തിൽ സി പി ഐക്കുള്ളിലും എതിരഭിപ്രായമുണ്ട്. അടിസ്ഥാനപരമായി ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന് സി പി ഐ നേതാവ് ബിനോയ് വിശ്വം പ്രതികരിച്ചു. സി പി ഐക്കുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കുന്നതായിരുന്നു ബിനോയ് വിശ്വത്തിന്‍റെ പരാമര്‍ശം. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്നും ജനാധിപത്യ പാർട്ടിയാണെന്നുമാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത്.