തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള ആദ്യഘട്ട കൊവിഡ് വാക്‌സിൻ നാളെ കേരളത്തിലെത്തും. ഉച്ചയ്ക്ക് രണ്ടിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലും വൈകിട്ട് ആറുമണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലുമാണ് വാക്‌സിൻ എത്തുക. കേരളത്തിന് 435000 ഡോസ് വാക്‌സിനാണ് ആദ്യഘട്ടമായി കേന്ദ്രം നൽകുന്നത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള കൊവിഷീൽഡ് വാക്‌സിനാണ് കേരളത്തിലെത്തുക.
കേന്ദ്ര സംഭരണശാലകളിൽ നിന്നെത്തുന്ന വാക്‌സിൻ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ മേഖലാ സംഭരണ കേന്ദ്രങ്ങളിൽ എത്തിക്കും. ഇവിടെ നിന്നും പ്രത്യേകം ക്രമീകരിച്ച വാഹനങ്ങളിലാണ് മറ്റ് ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ എത്തിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ ,കൊല്ലം, പത്തനംതിട്ട,തിരുവനന്തപുരം ജില്ലകളിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിലേക്കും കൊച്ചിയിൽ നിന്ന് എറണാകുളം, ഇടുക്കി, കോട്ടയം പാലക്കാട് തൃശൂർ ജില്ലകളിലെ കേന്ദ്രങ്ങളിലേക്കും കോഴിക്കോട് നിന്ന് കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലേക്കും വാക്‌സിൻ നൽകും.
അടുത്ത ശനിയാഴ്‌ചയാണ് കേരളത്തിൽ വാക്‌സിൻ കുത്തിവെയ്‌പ്പ് ആരംഭിക്കുന്നത്. എറണാകുളം ജില്ലയിൽ 12 ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതവും മറ്റു ജില്ലകളിൽ ഒൻപത് വീതവുമായി 133 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി തയ്യാറാക്കിയിരിക്കുന്നത്. ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകുന്ന രീതിയിലാണ് ക്രമീകരണം. ഇതിനായി 133 കൺട്രോൾ റൂമുകൾ പ്രവർത്തന സജ്ജമായി. സർക്കാർ-സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ട വാക്‌സിൻ നൽകുക.