തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗം വ്യാപകമാകുന്നു. പുതിയതായി 1212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. 880 പേര്‍ രോഗമുക്തി നേടി. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതില്‍ 45 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ വിദേശത്തുനിന്നും 64 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 22 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 പരിശോധനകൾ നടത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദ്ധീന്‍(53), തിരുവനന്തപുരം നരിയാപുരം സ്വദേശി കനകരാജ്(50), എറണാകുളം അയ്യമ്പുഴ മറിയംകുട്ടി(87), കോട്ടയം കാരാപ്പുഴ ടി.കെ വാസപ്പന്‍(89), കാസര്‍കോട് ആദംകുഞ്ഞ്(65) എന്നിവരാണ് ഇന്ന് മരിച്ചത്. ഇടുക്കിയില്‍ മരിച്ച പൊലീസ് സബ് ഇന്‍പെക്ടര്‍ അജിതന്‍റെ(55) കൊവിഡ് പരിശോധന ഫലവും പോസിറ്റീവായി.
ഏറ്റവും കൂടുതൽ കൊവിഡ് സ്ഥിരീകരിച്ച തലസ്ഥാനത്ത് 266 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. മലപ്പുറം - 261,എറണാകുളം -121, ആലപ്പുഴ - 118, കോഴിക്കോട് -93 , പാലക്കാട് - 81,കോട്ടയം -76 , കാസർകോട് -68 , ഇടുക്കി - 42, കണ്ണൂർ -31, തൃശൂർ -19 , പത്തനംതിട്ട - 19, വയനാട് -12, കൊല്ലം - 5 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കൊവിഡ് ബാധിതരുടെ കണക്ക്.