തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു. എല്ലാ ജില്ലകളിലും പത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 20 മുതല്‍ 26 വരെയുളള കേന്ദ്ര സര്‍ക്കാറിന്‍റെ കണക്കുകളിലാണ് ടിപിആര്‍ ഗുരുതരമായ സ്ഥിതിയിലാണെന്ന് വ്യക്തമാകുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
30.94 ആണ് വയനാട് ജില്ലയിലെ ടിപിആര്‍. പരിശോധനകള്‍ കുറവ് നടക്കുന്നതിനാലാണ് ഇവിടെ ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. എന്നാല്‍ പരിശോധന കാര്യമായ രീതിയില്‍ നടക്കുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളിലും ടിപിആര്‍ ഉയര്‍ന്നുതന്നെയാണ്.
തിരുവനന്തപുരം - 16.91
കൊല്ലം - 22.86
ആലപ്പുഴ - 16.71
പത്തനംതിട്ട - 28.10
കോട്ടയം - 26.64
എറണാകുളം - 27.57
തൃശൂര്‍ - 19.45
ഇടുക്കി - 26.42
പാലക്കാട് - 14.72
മലപ്പുറം - 17.04
കോഴിക്കോട് - 16.55
കണ്ണൂര്‍ - 27.41
വയനാട് - 30.94
കാസര്‍കോട് - 25.72
ഉയര്‍ന്ന ടിപിആര്‍ കൊവിഡ് പരിശോധനകള്‍ വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ആഴ്‌ചകളായി ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് കേസുകള്‍. ഇന്നലത്തെ കണക്കനുസരിച്ച് 1,243 പേര്‍ക്കാണ് സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 12,620 കൊവിഡ് ആക്‌ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. ഒരു സമയത്ത് ആക്‌ടീവ് കേസുകള്‍ 20,000ത്തിന് അടുത്തും പ്രതിദിന രോഗികളുടെ എണ്ണം 2,000ത്തിന് മുകളിലും എത്തിയിരുന്നു. എന്നാല്‍, ആ തീവ്രവ്യാപനത്തിന് ഇപ്പോള്‍ കുറവുണ്ടായിട്ടുണ്ട് എന്നത് ആശ്വാസകരമാണ്.
ALSO READ | കൊവിഡ് കേസുകള്‍ ഉയരുന്നു; കെയര്‍ ഹോമുകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്
ഒമിക്രോണ്‍ വകഭേദമാണ് സംസ്ഥാനത്ത് പടരുന്നത്. വ്യാപന ശേഷിക്കൂടുതലാണെങ്കിലും രോഗതീവ്രത കുറവാണ് എന്നതാണ് ഈ വകഭേദത്തിന്‍റെ പ്രത്യേകത. എന്നാല്‍ പ്രായമായവര്‍ മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കൊവിഡ് ഗുരുതര സാഹചര്യം ഉണ്ടാക്കാം. അതിനാലാണ് ഇത്തരത്തിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്: സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കെയര്‍ ഹോമുകള്‍ക്ക് പ്രത്യേക ജാഗ്രതാനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ കെയര്‍ ഹോമുകള്‍ ഗൗരവത്തോടെ സാഹചര്യത്തെ സമീപിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെയര്‍ ഹോമിലെ അന്തേവാസികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചാല്‍ ഹോമിലുള്ള മുഴുവന്‍ ആളുകളെയും പരിശോധിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.