തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡിന്‍റെ തീവ്രവ്യാപനം പത്ത് ദിവസത്തിനുള്ളിൽ കുറയുമെന്ന് സര്‍ക്കാരിന്‍റെ കൊവിഡ് റിപ്പോര്‍ട്ട്. ഓണം, പെരുന്നാൾ തുടങ്ങിയ ആഘോഷങ്ങളാണ് വ്യാപനം കൂട്ടിയത്. ഈ കാലയളവിൽ പത്ത് ദിവസത്തിനിടെ രോഗത്തിന്‍റെ വ്യാപനത്തിൽ 24 ശതമാനം വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായത്.
Also Read: രാജ്യത്ത് 41,965 പേര്‍ക്ക് കൂടി കൊവിഡ്; 460 മരണം
നിലവിലെ സ്ഥിതിയില്‍ ഈ ആഴ്‌ചയിൽ പ്രതിദിന രോഗികളുടെ എണ്ണം 40000ന് മുകളിലെത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ പത്ത് ദിവസം കൊണ്ട് തന്നെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും. രോഗവ്യാപനം ഈ ദിവസങ്ങള്‍ക്ക് ശേഷം ഗണ്യമായി കുറയുമെന്നും അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരാളില്‍ നിന്ന് എത്രപേരിലേക്ക് രോഗം പകര്‍ന്നുവെന്ന് കണക്കാക്കുന്ന ആര്‍ നോട്ട് 0.96ല്‍ നിന്ന് 1.5ആയി ഉയര്‍ന്നിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍ നോട്ട് ഉയരാനനുള്ള സാധ്യതയില്ല. വാക്‌സിനേഷനില്‍ ഉണ്ടായ കാര്യമായ പുരോഗതി കണക്കാക്കിയാണ് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. 60 വയസിന് മുകളില്‍ നല്ലൊരു ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതിനാൽ കൊവിഡ് ബാധിച്ചാലും ഗുരുതരമാകാത്ത സ്ഥിതിയുണ്ട്.
അതുകൊണ്ട് സംസ്ഥാനത്തെ ചികിത്സ സംവിധാനങ്ങളെ രോഗവ്യാപനം ബാധിക്കില്ല. ഐ സി യു, വെന്‍റിലേറ്റര്‍ എന്നിവയില്‍ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധന ഉണ്ടാകില്ല. എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുള്ള രോഗികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കാകുകയും ചെയ്യുന്നതോടെ കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ആരോഗ്യവകുപ്പ്.