തിരുവനന്തപുരം: ദിനംപ്രതി കൊവിഡ് കേസുകളുടെ എണ്ണം ആയിരത്തിന് മുകളിലെത്തി ഭീതിയിലായ തലസ്ഥാനത്ത് ആശങ്കയൊഴിയുന്നു. രണ്ടാഴ്‌ചയായി തലസ്ഥാനത്തെ രോഗവ്യാപന തോത് കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ ആദ്യവാരത്തിലെ സംസ്ഥാനത്തെ കൊവിഡ് കണക്കുകളിൽ തിരുവനന്തപുരത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആശങ്ക സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ 14 ദിവസത്തെ കണക്കുകൾ പരിശോധിച്ചാൽ ഒരു ദിവസം പോലും രോഗബാധിതരുടെ എണ്ണം ആയിരം കടന്നിട്ടില്ല. ഒക്ടോബർ 23ന് റിപ്പോർട്ട് ചെയ്‌ത 909 കേസുകളാണ് കഴിഞ്ഞ രണ്ടാഴ്‌ചക്കിടയിലെ ഏറ്റവും ഉയർന്ന രോഗബാധിതരുടെ എണ്ണം.
14 ദിവസത്തിനിടയിൽ 9670 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് പോസിറ്റീവായത്. 8833 പോസിറ്റീവ് കേസുകളാണ് തിരുവനന്തപുരത്ത് ഇപ്പോൾ നിലവിലുള്ളത്. രോഗ വ്യാപനം തടയുന്നതിന് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടു വന്നതോടെയാണ് തലസ്ഥാനത്തെ സ്ഥിതി മെച്ചപ്പെട്ടത്. പരിശോധന നടത്തുന്നതിലും തിരുവനന്തപുരം വളരെ മുന്നിലാണ്. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ അയ്യായിരത്തിനും എഴായിരത്തിനും ഇടയിൽ പരിശോധന നടത്താൻ ജില്ലയിലെ ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 14 ദിവസത്തിൽ 76,121 പരിശോധനകൾ തിരുവനന്തപുരത്ത് മാത്രം നടന്നു.
പരിശോധനകളുടെ എണ്ണം വർധിപ്പിച്ച് പ്രതിദിനം 7000 പരിശോധനകൾ നടത്താനാണ് ആരോഗ്യവകുപ്പിന്‍റെ ശ്രമം. തിരുവനന്തപുരത്ത് ഇപ്പോൾ ലാർജ് കണ്ടെയ്ൻമെന്‍റ് സോണുകൾ ഒന്നും നിലവിലില്ല. നാനോ കണ്ടെയ്ൻമെന്‍റ് സോണുകൾ ഏർപ്പെടുത്തിയാണ് ഇപ്പോഴത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. എന്നാൽ ഇപ്പോഴത്തെ ആശങ്ക കൊവിഡ് മരണത്തിന്‍റെ കാര്യത്തിലാണ്. തിരുവനന്തപുരം ജില്ലയിലാണ് നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 387 പേർ തലസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ വരെയുള്ള കണക്കുകളിൽ 25,143 പേരാണ് തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്.