തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് ഇന്ന് (ചൊവ്വാഴ്‌ച) അവലോകനയോഗം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചക്ക് മൂന്നരയ്‌ക്കാണ് കൊവിഡ് അവലോകന യോഗം ചേരുക.
ഞായറാഴ്‌ച ലോക്ക്ഡൗണിലും രാത്രി കർഫ്യൂവിലും മാറ്റം വേണമോയെന്നാകും ഇന്നത്തെ യോഗം പ്രധാനമായും ചർച്ച ചെയ്യുക. ഞായറാഴ്‌ചകളിൽ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിയന്ത്രണങ്ങൾ പിൻവലിക്കാമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ രാജ്യത്തെ പല വിദഗ്‌ധരും നിർദേശിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് സർക്കാർ ഇളവുകളെ സംബന്ധിച്ച് ആലോചന നടത്തുന്നത്.
ALSO READ: ആശ്വാസം; നിപ സംശയിച്ച എട്ട് പേരുടെയും സാമ്പിളുകള്‍ നെഗറ്റീവ്
ഇപ്പോഴത്തെ തീവ്ര വ്യാപനം 10 ദിവസത്തിനുള്ളിൽ കുറയുമെന്നാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന റിപ്പോർട്ട്. സ്‌കൂളുകൾ തുറക്കുന്നതും സർക്കാരിന്‍റെ പരിഗണനയിലുണ്ട്. എന്നിരുന്നാലും വിദഗ്‌ധസമിതിയെ വച്ച് പരിശോധനക്ക് ശേഷം മാത്രം സ്‌കൂൾ തുറന്നാൽ മതിയെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്തെ കൊവിഡ് വാക്‌സിനേഷൻ്റെ പുരോഗതി സംബന്ധിച്ച അവലോകനവും ഇന്നത്തെ യോഗത്തിൽ നടക്കും. നിപ സ്ഥിതിയും അവലോകനയോഗത്തിൽ ചർച്ചയാകും.