തിരുവനന്തപുരം: കണ്ണൂരും കാസർകോടും കൊവിഡ് വിവരങ്ങൾ ചോർന്നത് യാദൃശ്ചികമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. വിവരങ്ങൾ സർക്കാറിന്‍റെ അറിവോടെ ആകാം ചോർന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇത് സ്പ്രിംഗ്ലറിനെ സഹായിക്കാനുളള മുൻകൂർ നടപടിയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേന്ദ്രൻ. ഡാറ്റ ചോർന്നത് സ്വഭാവികമാണെന്ന ആരോഗ്യ മന്ത്രിയുടെ പ്രതികരണം ഉത്തരവാദിത്തമില്ലാത്തതാണെന്നും അത് തിരുത്തണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ യോഗത്തിൽ നിന്ന് മുഖ്യമന്ത്രി വിട്ടു നിന്നത് സംസ്ഥാനത്തിന് അവമതിപ്പ് ഉണ്ടാക്കി. വർക്കലയിലെ രോഗം സ്ഥിരീകരിച്ചയാൾ പോകാത്ത സ്ഥലങ്ങളില്ലെന്നും അത് ആരോഗ്യവകുപ്പിന്‍റെ വീഴ്‌ചയാണെന്നും അദ്ദേഹം ആരേോപിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് വിടുന്ന വിവരങ്ങൾ വസ്‌തുതപരമല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.