തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്‍റെ പുതിയ കൊവിഡ് ഇളവുകളിലെ അശാസ്ത്രീയതയ്‌ക്കെതിരെ കെ.പി.സി.സി പ്രസിഡന്‍റ് കെ സുധാകരൻ. ജനങ്ങൾക്ക് പുറത്തിറങ്ങാൻ വാക്സിൻ രേഖ വേണം എന്ന തീരുമാനം തിരുത്തണമെന്ന് കെ സുധാകരൻ ആവശ്യപ്പെട്ടു.
വാക്സിൻ കിട്ടാത്തത് ജനത്തിൻ്റെ കുറ്റമല്ല. അതിന് സൗകര്യമൊരുക്കേണ്ടത് സർക്കാരാണെന്നുംകെ സുധാകരൻ ചൂണ്ടിക്കാട്ടി. പി.എസ്.സി റാങ്ക് ലിസ്റ്റുകൾ നീട്ടിനൽകാൻ തയാറാകാത്ത സർക്കാരിന്‍റെ മനോഭാവം ഞെട്ടിച്ചു.
യു.ഡി.എഫ് ഭരണകാലത്ത് നാലര വർഷം വരെ ലിസ്റ്റ് നീട്ടിയിട്ടുണ്ട്. എൽ.ജി.എസ് പട്ടിക നീട്ടാനുള്ള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് ഹൈക്കോടതിയിൽ പോയി റദ്ദാക്കിയത് എന്തുവിലകൊടുത്തും ഉദ്യോഗാർത്ഥികളെ പെരുവഴിയിലിറക്കുമെന്ന സർക്കാരിൻ്റെ വാശി മൂലമാണ്.
കൂടുതല്‍ വായനക്ക്: മുഖ്യമന്ത്രിയുടെ ഡല്‍ഹിയാത്ര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാനെന്ന് കെ.സുധാകരന്‍
പാർട്ടിക്കാർക്ക് താൽക്കാലിക നിയമനം നൽകാനുള്ള വഴിയൊരുക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഉദ്യോഗാർഥികളുടെ പരാതി സംബന്ധിച്ച ജഡ്ജിയുടെ പരാമർശം മറുപടി അർഹിക്കുന്നില്ല.
ഡി.വൈ.എഫ്.ഐയെ ഇടപെടുത്തി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കിയിട്ടും വ്യവസ്ഥകൾ പാലിക്കാത്ത ചതിയനാണ് മുഖ്യമന്ത്രി. കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും കെ സുധാകരൻ പറഞ്ഞു. പി.എസ്.സി ചെയർമാന്‍റേത് ക്ഷമിക്കാൻ കഴിയാത്ത വിശദീകരണമാണ്.
കൂടുതല്‍ വായനക്ക്: ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചടി; എല്‍.ജി.എസ് റാങ്ക് പട്ടിക നീട്ടില്ല
ഉദ്യോഗാർഥികളെ ചെയർമാൻ ചട്ടം പഠിപ്പിക്കുകയാണ്. അർഹതപ്പെട്ടവർക്ക് ജോലി കൊടുക്കുക എന്ന സാമാന്യ മര്യാദയുടെ ലംഘനമാണ് പി.എസ്.സി ചെയർമാന്‍റെ പ്രസ്താവനയെന്നും കെ സുധാകരൻ പറഞ്ഞു.