തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് കൊവിഡ് പോസിറ്റീവ് കേസുകൾ കൂടി ബുധനാഴ്‌ച സ്ഥിരീകരിച്ചു. കണ്ണൂരിൽ നാല്, ആലപ്പുഴയിൽ രണ്ട്, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിൽ ഒരാൾക്ക് വീതവുമാണ് രോഗം. നാല് പേർ വിദേശത്ത് നിന്ന് വന്നവരും രണ്ട് പേർ നിസാമുദ്ദീനിൽ നിന്നെത്തിയവരുമാണ്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് 13 പേർക്ക് രോഗം ഭേദമായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുറഞ്ഞു. 345 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 259 ആയി. നിസാമുദ്ദീനിൽ സമ്മേളനത്തിൽ പങ്കെടുത്ത 212 പേരെയാണ് സംസ്ഥാനത്ത് ഇതുവരെ കണ്ടെത്തിയത്. അതിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,40,474 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,39,725 പേർ വീടുകളിലും 749 പേർ ആശുപത്രിയിലുമാണ്. 169 പേരെ ബുധനാഴ്‌ച മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ പരിശോധനക്കയച്ച 11,986 സാമ്പിളുകളിൽ 10,906 എണ്ണത്തിന്‍റെ ഫലം നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ ആശങ്കക്ക് ഇടയില്ല. എന്നാൽ ജാഗ്രത തുടരണം. മഹാമാരിയെ നേരിടാനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനം ഒരുക്കുന്നത് ഇതുമുന്നില്‍ കണ്ടാണെന്നും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള കൊല്ലം സ്വദേശിയുടെയും തൃശൂരില്‍ മൂന്ന് പേരുടെയും ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ രണ്ട് പേരുടെ വീതവും കണ്ണൂരിൽ ഒരാളുടെയും രോഗമാണ് ബുധനാഴ്‌ച ഭേദമായത്. ഇതുവരെ ആകെ 84 പേരാണ് രോഗമുക്തി നേടി ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജായത്. ഐസിഎംആർ വഴി 20,000 ടെസ്റ്റ് കിറ്റുകൾ വ്യാഴാഴ്‌ച കിട്ടും. മംഗലാപുരത്ത് ആശുപത്രിയിലെത്തിയ രോഗികൾക്കുണ്ടായ ദുരനുഭവം കർണാടക സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തും. അത്യാവശ്യമുള്ള രോഗികൾ മാത്രം മംഗലാപുരത്ത് പോയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഹെൽപ് ഡെസ്‌ക് തുടങ്ങി. അഞ്ച് രാജ്യങ്ങളിലാണ് ആരംഭിച്ചത്. ഇതുവഴി ഓൺലൈനായി കേരളത്തിൽ നിന്ന് മെഡിക്കൽ സഹായം പ്രവാസികൾക്ക് നൽകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മുതൽ ആറ് വരെയാണ് ഡോക്‌ടർമാരുടെ സേവനം ലഭിക്കുക. വിദേശത്തേക്ക് പഠിക്കാനായി പോകുന്ന വിദ്യാർഥികള്‍ക്കും നോര്‍ക്ക രജിസ്‌ട്രേഷന്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് മരുന്നിന് ക്ഷാമമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് മാസത്തേക്ക് ആവശ്യമുള്ള മരുന്നുകൾ നിലവിൽ സ്റ്റോക്കുണ്ട്. പ്രമേഹം, ഹൃദ്രോഗം, വൃക്ക രോഗം എന്നിവക്ക് സ്ഥിരമായി രോഗികൾ ആവശ്യമുള്ള മരുന്നുകളുടെ ദൗർലഭ്യം ഉണ്ടാകാതിരിക്കാൻ സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. രോഗികൾ പരിഭ്രമിക്കേണ്ടതില്ല. സംസ്ഥാനത്ത് എല്ലായിടത്തും മരുന്നുകൾ എത്തിക്കുന്നതിനായി മരുന്ന് കമ്പനിയുടെ വാഹനങ്ങൾക്ക് പ്രത്യേക പാസ് നൽകി. കാസർകോട് ജില്ലയിൽ ഇതിനായി പ്രത്യേക വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
തണ്ണിത്തോട് നിരീക്ഷണത്തിലായ വിദ്യാർഥിയുടെ വീടിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാകില്ല. വിഷയത്തിൽ ദാക്ഷിണ്യമില്ലാത്ത നടപടിയുണ്ടാകും. സ്വകാര്യ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശമ്പളം ലഭിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കും. കണ്ണട ഷോപ്പുകൾക്ക് ഒരു ദിവസം ഇളവ് നൽകും. ആശുപത്രികളിൽ രക്തത്തിന്‍റെ ലഭ്യതക്കുറവുണ്ടെന്നും രക്തദാനത്തിന് സന്നദ്ധരായവർ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. അതിഥി തൊഴിലാളികൾക്ക് പ്രാധാന്യം നൽകുന്നുവെന്ന് ചില കുരുട്ട് രാഷ്ട്രീയക്കാർ പ്രചരണം നടത്തുന്നു. നാട്ടിൽ അത്തരമൊരു അഭിപ്രായമില്ല. അതിഥി ദേവോ ഭവ എന്നത് എഴുതി മാത്രം വയ്ക്കാനുള്ളതല്ല. തൊഴിലാളികളുടെ പ്രധാന ആവശ്യം നാട്ടിലേക്ക് പോകണം എന്നതാണ്. അവർക്ക് വേണ്ടി ലോക്‌ഡൗണിന് ശേഷം പ്രത്യേക ട്രെയിനുകൾ പ്രധാനമന്ത്രിയോട് വീണ്ടും ആവശ്യപ്പെടും. എസ്‌എസ്‌എൽസി, പ്ലസ് ടു പരീക്ഷകളുടെ നടത്തിപ്പ് അനിശ്ചിതത്വത്തിൽ നിലനിൽക്കുന്നതിനാൽ പരീക്ഷ നടത്തിപ്പും മൂല്യനിർണയവും ഓൺലൈനായി നടത്തുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത കലാകാരന്മാർക്ക് രണ്ട് മാസം 1000 രൂപ വീതം സഹായം നൽകും. അംഗങ്ങളല്ലാത്തവർക്കും സഹായം ലഭ്യമാകും. കശുവണ്ടി തൊഴിലാളികൾക്കും എല്ലാ പരമ്പരാഗത തൊഴിലാളികളായ അംഗങ്ങൾക്കും ക്ഷേമനിധിയിൽ നിന്ന് 1000 രൂപ നൽകും. കേബിൾ ഓപ്പറേറ്റർമാർ കെഎസ്‌ഇബിക്ക് നൽകേണ്ട വാടകയിൽ ഇളവ് നൽകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.
കൊവിഡ് രോഗം കുരങ്ങുകളിലേക്ക് പകരാൻ സാധ്യതയുണ്ട്. അതിനാൽ കുരങ്ങുകൾക്ക് ഭക്ഷണം നൽകുമ്പോൾ മുൻകരുതൽ എടുക്കുകയും രോഗ ബാധയുള്ളവർ ഒഴിഞ്ഞുനിൽക്കുകയും വേണം. വയനാട് തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി ഭക്ഷണമെത്തിച്ചുവെന്നും ഭക്ഷ്യകിറ്റ് നൽകിയെന്നുമുള്ള വാർത്ത ശ്രദ്ധയിൽപ്പെട്ടു. ഇതിൽ നിജസ്ഥിതി പരിശോധിക്കും. മോശമാക്കുന്ന പ്രചാരണം നടത്തരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഒപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി തെന്നന്ത്യൻ സിനിമാ താരം അല്ലു അർജുൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ നൽകി. അതേസമയം ലോക്‌ഡൗൺ നീക്കുന്നതിനെക്കുറിച്ച് ഇതുവരെ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊവിഡ് കാലത്ത് നടത്തുന്ന പ്രതിപക്ഷ-രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ മടിയില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതിന് മുതിരുന്നില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സാലറി ചലഞ്ചിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണെന്നും ജിവനക്കാരോട് അഭ്യർഥന നടത്തുക മാത്രമാണ് ചെയ്‌തതെന്നും മുഖ്യമന്ത്രി പറഞ്ഞു.