തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗനിരക്ക് കുറയുന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്തെ ശരാശരി ആർ ഫാക്‌ടർ 0.94 ആയി കുറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു തവണ രോഗം വന്നവരിൽ വീണ്ടും രോഗബാധ ഉണ്ടാകുന്ന പ്രവണത കുറഞ്ഞുവരുന്നു. സെപ്റ്റംബർ 18 മുതൽ 24 വരെയുള്ള കാലയളവിൽ ശരാശരി ആക്‌ടീവ് കേസുകൾ 17,06,69 ആയിരുന്നു. ഇതിൽ ശരാശരി രണ്ട് ശതമാനം പേർക്ക് മാത്രമാണ് ഓക്‌സിജൻ കിടക്കകൾ വേണ്ടിവന്നത്. ഒരു ശതമാനം പേർക്ക് മാത്രമാണ് ഐസിയു കിടക്കകൾ ആവശ്യമായി വന്നത്.
Also Read: കൂടുതൽ ഇളവുകൾ ; ഇനിമുതൽ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം
പുതിയ കേസുകളുടെ എണ്ണത്തിൽ 7,000 ത്തിൻ്റെ കുറവുണ്ട്. പുതുതായി രേഖപ്പെടുത്തിയ കേസുകളിലെ വളർച്ചാനിരക്ക് മുൻ ആഴ്ചയെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്കും ഗുരുതരമായ കേസുകളുടെ നിരക്കും മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു.
ഒന്നും രണ്ടും ഡോസ് ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ ആകെ മൂന്നരക്കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ആദ്യ ഡോസ് വാക്സിനേഷൻ 91.2 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷൻ 39.47 ശതമാനവും പിന്നിട്ടു. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്‌സിൻ എടുക്കാനുള്ളവർ ഇനി 22 ലക്ഷത്തോളം പേർ മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.