തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍. ഇന്നലെ 2193 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ മാസത്തിന്‍റെ തുടക്കം മുതല്‍ ആയിരത്തിന് മുകളിലാണ് സംസ്ഥാനത്തെ കൊവിഡ് കേസുകള്‍. കഴിഞ്ഞ 8 ദിവസത്തെ കണക്കുകള്‍ നോക്കിയാല്‍ 12998 പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് ബാധിച്ചിട്ടുണ്ട്. രാജ്യത്ത് തന്നെ കൂടുതല്‍ രോഗികളുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറിയിരിക്കുകയാണ്.
സംസ്ഥാനത്ത് നിലവില്‍ 12,593 ആക്‌ടീവ് രോഗികളാണുളളത്. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും ആശ്വാസമാകുന്നത് ഗുരുതരാവസ്ഥയിലാകുന്ന രോഗികളുടെ എണ്ണം കുറവാണ് എന്നതാണ്. സംസ്ഥാനത്ത് ഇപ്പോഴുള്ള ഭൂരിപക്ഷം പേര്‍ക്കും ചെറിയ രോഗലക്ഷണങ്ങളാണുളളത്.
കൂടാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറവാണ്. മുന്നൂറില്‍ താഴെ രോഗികള്‍ മാത്രമാണ് സംസ്ഥാനത്തെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് പ്രവേശിപ്പിക്കപ്പെട്ടിട്ടുളളത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ കണക്കുകൂട്ടല്‍.
ജില്ലകളിലെ സ്ഥിതി പരിശോധിച്ചാല്‍ എറണാകുളത്താണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. മൂവായിരത്തിന് മുകളില്‍ രോഗികളാണ് എറണാകുളത്ത് ചികിത്സയിലുള്ളത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കേരളം കൂടാതെ മഹാരാഷ്ട്രയിലാണ് രോഗ വ്യാപനത്തില്‍ വര്‍ധനവുള്ളത്.