തിരുവനന്തപുരം: സംസ്ഥാനത്ത് 26 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഒരു പൊലീസുകാരനും ഉൾപ്പെടുന്നു. കാസര്‍കോട് പത്ത്, മലപ്പുറം അഞ്ച്, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ മൂന്ന് വീതം, കണ്ണൂര്‍ രണ്ട്, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്ക് വീതവുമാണ് രോഗബാധ. 14 പേര്‍ കേരളത്തിന് പുറത്തുനിന്നെത്തിയവരാണ്. ചെന്നൈയില്‍ നിന്നെത്തിയ രണ്ട് പേരും മുംബൈയില്‍ നിന്നെത്തിയ നാല് പേരും ബെംഗളൂരുവില്‍ നിന്നെത്തിയ ഒരാളും ഇവരിലുൾപ്പെടുന്നു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇടുക്കിയില്‍ത രോഗം ബാധിച്ച വ്യക്തിക്ക് രോഗം എവിടെ നിന്നും ലഭിച്ചുവെന്ന് വ്യക്തമല്ല. മൂന്ന് പേര്‍ക്ക് ഇന്ന് രോഗം ഭേദമായി. കൊല്ലത്ത് രണ്ട് പേരും കണ്ണൂരില്‍ ഒരാളുമാണ് രോഗമുക്തി നേടിയത്. നിലവില്‍ 64 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 560 ആയി.
174 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 36,910 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരിൽ 36,362 പേർ വീടുകളിലും 548 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. കൊവിഡ് വ്യാപനം വിപത്തിന്‍റെ സൂചനയാണ്. പൊതുസമൂഹം ജീവിതരീതി മാറ്റണം. മാസ്‌കും സാമൂഹിക അകലവും ശീലമാക്കണം. തിക്കും തിരക്കുമുണ്ടാകാത്ത വിധം കച്ചവട സ്ഥാപനങ്ങളിലും ഗതാഗത സൗകര്യങ്ങളിലും ചന്തകളിലും ക്രമീകരണം വേണം. ഭക്ഷണശാലകളിലും ഷോപ്പിങ് സെന്‍ററുകളിലും മുന്‍കൂട്ടി ടോക്കണ്‍ സമ്പ്രദായം സ്വീകരിക്കണം. ഇനിയുള്ള നാളുകൾ ജാഗ്രതയോടെ കഴിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം പതിനഞ്ചായി കുറഞ്ഞു.
വാളയാറില്‍ ജനപ്രതിനിധികൾ ക്വാറന്‍റൈനില്‍ പോയ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. രാഷ്‌ട്രീയ നാടകം കളിക്കേണ്ട സമയമല്ല ഇത്. അവര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമായിരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രകളും കൂടിച്ചേരലുകളും ഒഴിവാക്കണം. വയനാട് ആശങ്ക ഉയര്‍ത്തുകയാണ്. കോയമ്പേട് മാര്‍ക്കറ്റില്‍ നിന്നുമെത്തിയ ട്രക്ക് ഡ്രൈവറില്‍ നിന്നും ഇതുവരെ 13 പേര്‍ക്ക് രോഗം ബാധിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തി. ഡല്‍ഹിക്ക് പുറമെ മറ്റ് പ്രധാന നഗരങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൂടുതല്‍ നോണ്‍സ്റ്റോപ്പ് ട്രെയിനുകൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റില്‍ അതിവര്‍ഷത്തിന് സാധ്യതയുണ്ട്. വെള്ളപ്പൊക്കമുണ്ടായാല്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ 27000ത്തിലധികം കെട്ടിടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് സാഹചര്യത്തില്‍ ഇത്തരം കെട്ടിട്ടങ്ങളില്‍ ജനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ച് മാറ്റി പാര്‍പ്പിക്കും. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ കേരളം സജ്ജമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.