തിരുവനന്തപുരം: കോറോണ വൈറസ് ബാധയെന്ന് സംശയിച്ച് സൗദി അറേബ്യയിൽ ചികിത്സയിൽ കഴിയുന്ന മലയാളി നഴ്‌സുമാരുടെ വിഷയത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നഴ്‌സുമാര്‍ക്കാണ് കോറോണ വൈറസ് ബാധയുണ്ടായതെന്ന് സംശയിക്കുന്നത്.
സംഭവത്തെ ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന് അയച്ച കത്തില്‍ അഭ്യർഥിച്ചു. സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോറോണ വൈറസ് ബാധയെന്ന് സംശയിച്ച് സൗദി അറേബ്യയിലെ ആശുപത്രിയിലെ പ്രത്യേക വാർഡിൽ പ്രവേശിപ്പിച്ചെങ്കിലും ആവശ്യത്തിന് ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്ന് നഴ്സുമാർ ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് വിഷയത്തില്‍ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.