തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഭക്ഷണമുണ്ടാക്കാൻ പഴയിടമില്ലെങ്കിലും പതിവ് പോലെ ടെൻഡർ വഴി മറ്റുള്ളവരെ കണ്ടെത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഭക്ഷണത്തിന്‍റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നുവെന്നും മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും സ്‌കൂൾ കലോത്സവ വേദികളിൽ പാചകത്തിന് ഇനി എത്തില്ലെന്നും പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. പഴയിടത്തെ വേദനിപ്പിക്കേണ്ടിയിരുന്നില്ല. ഒരു വിവാദവും ഇല്ലാത്തപ്പോൾ എന്തെങ്കിലും വിവാദങ്ങൾ ഉണ്ടാക്കുകയാണ്.
വിവാദങ്ങൾ അതിവിപ്ലവമായേ കാണാനാകൂ. ബ്രാഹ്മണ മേധാവിത്വ ചർച്ചകൾ അനാവശ്യമാണ്. നോൺ വെജ് നൽകാൻ ആലോചിച്ചു. നോൺ വെജ് നൽകുന്നത് കമ്മിറ്റി രൂപീകരിച്ച് പഠിച്ച് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലോത്സവത്തിനെത്തുന്ന കുട്ടികൾക്ക് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതിനെതിരെയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയർന്നത്.
ALSO READ: നോണ്‍വെജ് വിവാദം : സ്‌കൂള്‍ കലോത്സവ പാചകത്തിന് ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി
ഭൂരിപക്ഷം കുട്ടികളും നോൺ വെജ് കഴിക്കുന്ന സ്ഥലത്ത് ഭക്ഷണം വെജിറ്റേറിയനായതിലെ രാഷ്‌ട്രീയമാണ് പലരും പലരീതിയിൽ ചൂണ്ടിക്കാട്ടാൻ ശ്രമിച്ചത്. വിമർശനങ്ങൾക്ക് പിന്നാലെ അടുത്ത കലോത്സവം മുതൽ നോൺ വെജ് ഭക്ഷണവും വിളമ്പുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു. ഇന്ന് രാവിലെയാണ് അടുത്ത സ്‌കൂൾ കലോത്സവ വേദികളിൽ പാചകത്തിന് എത്തില്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി വ്യക്തമാക്കിയത്.