ന്യൂഡല്‍ഹി: ലോക്‌ഡൗണ്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ മദ്യ വില്‍പന കേന്ദ്രങ്ങള്‍ക്കുള്ള പ്രവര്‍ത്തന വിലക്ക് തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്നലെ പുറത്തുവിട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കൊവിഡ് വ്യാപനത്തിന് പിന്നാലെ ലോക്‌ഡൗണ്‍ കൂടി പ്രഖ്യാപിച്ചതോടെ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലാണ്.
കേരളമടക്കം പല സംസ്ഥാനങ്ങളുടെയും പ്രധാന വരുമാന മാര്‍ഗമായ മദ്യവില്‍പ്പനകൂടി ഇല്ലാതായതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്. പുതിയ ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം അറിയിച്ചിട്ടുണ്ട്. കേന്ദ്ര സഹായ ലഭിക്കാതെ വന്നാല്‍ രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭരണം നടത്താന്‍ ഏറെ വിയര്‍ക്കേണ്ടിവരും. മദ്യം ലഭിക്കാതായതോടെ കേരളത്തില്‍ മാത്രം ആറ് ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇത് മറ്റൊരു സാമൂഹിക പ്രത്യാഘാതമാണ്.
മദ്യത്തിന് അടിമപ്പെട്ടവരുടെ പുനരധിവാസം സര്‍ക്കാരിന് കൂടുതല്‍ ജോലിയാണ്. ഒപ്പം വ്യാജമദ്യനിര്‍മാണവും ശക്തിപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനസര്‍ക്കാരുകളുടെ എല്ലാ വിഭാഗങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ വ്യാജമദ്യ നിര്‍മാണം അടക്കമുള്ള വിവിധ വകുപ്പുകള്‍ക്ക് അധിക ജോലി ഭാരമാകുന്നുണ്ട്.