തിരുവനന്തപുരം: കെഎം മാണിയേയും അദ്ദേഹത്തിന്‍റെ പാർട്ടിയേയും ഇല്ലാതാക്കാൻ ശ്രമിച്ചത് കോൺഗ്രസാണെന്ന് കേരള കോൺഗ്രസ് എംഎൽഎ ജോബ് മൈക്കിൾ. കെഎം മാണിയെ അപമാനിച്ച കറുത്ത വെള്ളിയാഴ്ചയുടെ സൃഷ്ടാക്കൾ യുഡിഎഫാണ്. ചരൽക്കുന്ന് നടന്ന നേതൃയോഗത്തിൽ വഞ്ചിച്ചു എന്ന് ഉറപ്പിച്ചാണ് യുഡിഎഫിൽ നിന്നും മാറി നിൽക്കാൻ പാർട്ടി തീരുമാനിച്ചത്. പിജെ ജോസഫ് അടക്കം യോഗത്തിൽ പങ്കെടുത്തതാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് നേതാക്കൾ കെഎം മാണിയെ വീട്ടിലെത്തി യുഡിഎഫിലേക്ക് തിരിച്ചു വിളിച്ചു. അത് ചതിയായിരുന്നു. യഥാർഥ ധൃതരാഷ്ട്രാലിംഗനം അതായിരുന്നു. തിരുവനന്തപുരത്തേക്കുള്ള ബസിൽ കയറിയ ഞങ്ങളെ കൊട്ടാരക്കരയിൽ യുഡിഎഫ് ഇറക്കി വിട്ടു. അവിടെനിന്ന് ഞങ്ങൾ ഇടതുമുന്നണിയുടെ എസി ബസിൽ കയറി തിരുവനന്തപുരത്തെത്തി. ഇപ്പോൾ സുഖ യാത്രയാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.
ജീവിച്ചിരിക്കുമ്പോൾ കെ.എം മാണിക്ക് സ്വസ്ഥത കൊടുക്കാത്ത യുഡിഎഫ് മരണശേഷവും അത് ആവർത്തിക്കുകയാണ്. ഇപ്പോഴും അപമാനിക്കൽ യുഡിഎഫ് തുടരുകയാണെന്നും ജോബ് മൈക്കിൾ നിയമസഭയിൽ വ്യക്തമാക്കി.