കൊല്ലം: പിസി വിഷ്ണുനാഥിനെ കുണ്ടറയിൽ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. രാത്രി ഒരുമണിക്കാണ് നൂറോളം പ്രവർത്തകർ കുണ്ടറയിൽ പ്രതിഷേധവുമായി എത്തിയത്. കല്ലട രമേശ് യുഡിഎഫിന് എതിരെ മത്സരിക്കുമെന്ന് പരസ്യപ്രസ്താവന നടത്തിയതാണ് പ്രവർത്തകരെയും നേതാക്കളെയും ചൊടിപ്പിച്ചത്. പി സി വിഷ്ണുനാഥിനായി മണ്ഡലത്തിന്‍റെ വിവിധ മേഖലകളിൽ ചുവരെഴുത്തും നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് തുടക്കത്തിൽ പ്രതിഷേധവുമായി എത്തിയതെങ്കിലും കോണ്‍ഗ്രസ് ബ്ലോക്ക് ഭാരവാഹികളും മണ്ഡലം പ്രസിഡന്‍റുമാരും, ഡിസിസി ഭാരവാഹികൾ അടക്കമുള്ള നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. ഡിസിസി ഭാരവാഹികൾ അടക്കം നിരവധി പേർ ഇന്ന് രാജി സമർപ്പിക്കുമെന്നാണ് വിവരം.