തിരുവനന്തപുരം : കോൺഗ്രസിൽ പല ഘട്ടങ്ങളിലായി അച്ചടക്ക നടപടിക്ക് (Disciplinary action) വിധേയരായവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി (KPCC) നേതൃത്വത്തിന് എ ഗ്രൂപ്പ് കത്ത് നൽകി (Congress A Group). കെ.സി.ജോസഫും ബെന്നി ബെഹനാനുമാണ് ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നൽകിയത്. പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ് (Babu George), പത്തനംതിട്ട മുൻ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സജി പി ചാക്കോ (Saji Chacko), കെപിസിസി മുൻ സെക്രട്ടറി എം എ ലത്തീഫ് (MA Latheef) അടക്കം ഉള്ള നേതാക്കളെ തിരിച്ചെടുക്കണമെന്നാണ് എ ഗ്രൂപ്പ് അറിയിച്ചത്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഈ ആവശ്യം. നേരത്തെ സുൽത്താൻ ബത്തേരിയിൽ നടന്ന കോൺഗ്രസ് ക്യാമ്പിലും കഴിഞ്ഞ രാഷ്‌ട്രീയ സമിതി യോഗത്തിലും സമാന ആവശ്യം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രേഖാമൂലം അവശ്യം ഉന്നയിക്കാൻ ആവശ്യപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കത്ത് നൽകിയതെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വിഡി സതീശനെയും കെപിസിസി അധ്യക്ഷൻ കെ സുധാകരനെയും അധിക്ഷേപിച്ച സംഭവത്തിലും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എം എ ലത്തീഫിനെ പുറത്താക്കിയത്.
രാജി വച്ച് ബാബു ജോർജ് : പത്തനംതിട്ട മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെതിരെ ഡി സി സി ഓഫിസിലെ വാതിൽ ചവിട്ടിത്തുറക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നതിന്‍റെ പേരിലാണ് അച്ചടക്ക നടപടി സ്വീകരിച്ചത്. ആന്‍റോ ആന്‍റണി എംപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ബാബു ജോർജ് ചില നേതാക്കൾ തന്നെ പാർട്ടിയിൽ നിന്നും അകറ്റി നിർത്തുകയാണെന്നും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ബാബു ജോർജ് കോൺഗ്രസിൽ നിന്നും രാജി വച്ചു.
പാർട്ടി നിർദേശം മറികടന്ന് സജി ചാക്കോ : ഡോ. സജി പി ചാക്കോയ്‌ക്കെതിരെ മല്ലപ്പള്ളി കാർഷിക വികസന ബാങ്കിലെ പ്രശ്‌നങ്ങളിൽ പാർട്ടി നിർദേശം മറികടന്നതിനായിരുന്നു അച്ചടക്ക നടപടി സ്വീകരിച്ചത്. ബാങ്കിലേയ്‌ക്ക് ഡിസിസി നിയമിച്ച പാനലിലുൾപ്പെട്ട വ്യക്തി പത്രിക പിൻവലിച്ചത് സജി ജോസിന്‍റെ സമ്മർദം മൂലമാണെന്നായിരുന്നു നടപടിക്ക് കാരണമായ ആരോപണം. അച്ചടക്ക നടപടി നേരിട്ട നേതാക്കൾ എ ഗ്രൂപ്പിൻ്റെ പ്രധാന നേതാക്കളാണ്. അതുകൊണ്ടാണ് ഇവരെ തിരിച്ചെടുക്കണമെന്ന് എ ഗ്രൂപ്പ് കെപിസിസി നേതൃത്വത്തിന് കത്ത് നൽകി ആവശ്യപ്പെട്ടത്.