തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്(29/08/2021) സമ്പൂർണ ലോക്ക്ഡൗൺ. ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഇന്ന് ഏർപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. യാത്രകൾക്കും നിയന്ത്രണമുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കുള്ള യാത്രകൾക്ക് മാത്രമാണ് അനുമതിയുള്ളത്.
പൊലീസ് പരിശോധന കർശനമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നാണ് ഞായറാഴ്‌ചയുള്ള വാരാന്ത്യ ലോക്ക്ഡൗൺ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ ഓണവും സ്വാതന്ത്ര്യദിനവും കണക്കിലെടുത്ത് ലോക്ക്ഡൗൺ ഇളവുണ്ടായിരുന്നു.
പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് മുകളിൽ എത്തിയതോടെയാണ് സർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.
കൊവിഡ് നിയന്ത്രിക്കാൻ രാത്രികാല കർഫ്യു
സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ രാത്രികാല കർഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം. അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെയും കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീർഘദൂര യാത്രക്കാർക്കും യാത്ര ചെയ്യാം. ട്രെയിൻ കയറുന്നതിനോ, എയർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യിൽ കരുതിയാൽ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി രാത്രി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.
Also Read: ഇസ്രയേൽ അതിർത്തിയിൽ പ്രതിഷേധിച്ച് പലസ്‌തീനികൾ
വാർഡുകളിലെ ട്രിപ്പിൾ ലോക്ക്ഡൗണും ശക്തമാക്കിയിട്ടുണ്ട്. പ്രതിവാര രോഗവ്യാപന തോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ക്ഡൗൺ കർശനമാക്കുക. കൊവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യാന്‍ ബുധനാഴ്‌ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്.