തിരുവനന്തപുരം: കാട്ടാക്കട ആമച്ചൽ സി.എച്ച്.സി ആശുപത്രിയിൽ ജീവനക്കാരും മരുന്നുമില്ലെന്ന് പരാതി. ആശുപത്രിയുടെ പ്രധാന കവാടം പൂട്ടിയിട്ട നിലയിലാണെന്നും ഒ.പി എടുക്കാൻ പോലും കഴിയാതെ രോഗികൾ ദുരിതാവസ്ഥയിലാണെന്നും ജനങ്ങൾ പറയുന്നു.
മാസങ്ങൾക്ക് മുമ്പ് മികച്ച പ്രവർത്തനങ്ങൾക്ക് സർക്കാരിൽനിന്ന് പ്രത്യേക അംഗീകാരം നേടിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലാണ് ഈ ദുരവസ്ഥ. ഫാർമസിസ്റ്റ് 15 ദിവസത്തേക്ക് അവധിയിൽ പോയതിനാൽ പനിക്ക് ഉൾപ്പെടെ പുറത്ത് നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.
മികച്ച ഗ്രാമീണ ആശുപത്രിക്കുള്ള അവാർഡ് നേടിയ ആമച്ചൽ ആശുപത്രിയിലാണ് മെഡിക്കൽ ഓഫീസർ പോലുമില്ലാതെ രോഗികൾ ദുരിതത്തിലായിരിക്കുന്നത്. പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്.