തിരുവനന്തപുരം : യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോമിന്‍റെ പിഎച്ച്‌ഡി പ്രബന്ധം പുനഃപരിശോധിക്കണമെന്ന് വൈസ് ചാന്‍സിലര്‍ക്ക് പരാതി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് കേരള യൂണിവേഴ്‌സിറ്റി വിസിക്ക് പരാതി നല്‍കിയത്. ഗവേഷണ പ്രബന്ധത്തിലെ ഗുരുതരമായ തെറ്റ് പുറത്തുവന്നിട്ടും ചിന്ത ജെറോം പ്രതികരിക്കാന്‍ തയ്യാറായില്ല.
പ്രബന്ധം പരിശോധിച്ചശേഷം മറുപടി നല്‍കാമെന്നാണ് യുവജന കമ്മിഷന്‍ അധ്യക്ഷ പറയുന്നത്. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെയുണ്ടായ സംഭവം വലിയ നാണക്കേട് ഉണ്ടാക്കിയെന്ന വിലയിരുത്തലിലാണ് സിപിഎം. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറ എന്നതായിരുന്നു ഇംഗ്ലീഷ് സാഹിത്യത്തിലുള്ള ഗവേഷണ പ്രബന്ധം.
2021 ല്‍ ഇതിന്‍മേല്‍ ഡോക്‌ടറേറ്റും കിട്ടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്‌ത ജാതിരഹിത കാഴ്‌ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റേയും രഞ്ജിത്തിന്‍റേയും സിനിമകളെന്ന് പരാമര്‍ശിക്കുന്നയിടത്താണ് തെറ്റ് സംഭവിച്ചത്. 'വാഴക്കുല ബൈ വൈലോപ്പിള്ളി' എന്ന് ഡോ. ചിന്ത ജെറോം ഗവേഷണ പ്രബന്ധത്തില്‍ കുറിച്ചു.
ഇത്തരത്തില്‍ വിഖ്യാത കവിതയായ 'വാഴക്കുല'യുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്‌ക്ക് ഡോക്‌ടറേറ്റ് കിട്ടിയത്. കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറായിരുന്നു ഗൈഡ്. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചിരുന്നില്ല.