തിരുവനന്തപുരം: പി.എ. മുഹമ്മദ് കമ്മിഷൻ റിപ്പോര്‍ട്ട് നിയമസഭയില്‍. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ 2016ലെ സംഘർഷം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ചതാണ് കമ്മിഷനെ. സംഘർഷത്തിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകൾ വിവിധ ഘട്ടങ്ങളിൽ ആയതിനാൽ കമ്മിഷൻ ശിപാർശകളിൽ സർക്കാർ ഇപ്പോൾ പ്രത്യേക നിലപാട് സ്വീകരിക്കില്ലെന്ന് അറിയിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശുപാർശകൾ പരിശോധിച്ച് നടപ്പിലാക്കും. ഇതിനായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ സർക്കാർ ചുമതലപ്പെടുത്തി. നിയമവകുപ്പ് സെക്രട്ടറിക്കും ചുമതല നൽകി. കമ്മിഷൻ ചൂണ്ടിക്കാണിച്ച ന്യൂനതകൾ പരിഹരിക്കാൻ 1952 കമ്മിഷൻ ഓഫ് എൻക്വയറി ആക്‌ടിന് അനുസൃതമായി പുതിയ ചട്ടം രൂപീകരിക്കാൻ തീരുമാനിച്ചതായും സർക്കാർ നിയമസഭയെ അറിയിച്ചു.
2016 ലാണ് സർക്കാർ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം അന്വേഷിക്കാൻ പി.എ. മുഹമ്മദ് കമ്മിഷനെ സർക്കാർ നിയോഗിച്ചത്. 2016 ജൂലൈ 20നാണ് കേസുകൾക്ക് ആസ്‌പദമായ സംഭവം നടക്കുന്നത്. ഹൈക്കോടതിയുടെ മുമ്പിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷം പൊലീസ് ലാത്തിച്ചാർജിൽ കലാശിക്കുകയായിരുന്നു.