തിരുവനന്തപുരം: തിരുവനന്തപുരത്ത് തീരദേശമേഖലയിൽ ആശങ്കയൊഴിയുന്നില്ല. തീരദേശ പ്രദേശങ്ങമായ അഞ്ചുതെങ്ങിൽ ഇന്ന് പരിശോധന നടത്തിയ നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 444 ആളുകളിൽ നടത്തിയ ആന്‍റിജെൻ പരിശോധനകളിൽ 104 പേർക്കാണ് വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്. രോഗബാധിതരുടെ എണ്ണം അധികമായി ആശങ്ക സൃഷ്‌ടിച്ചതോടെ, അഞ്ചുതെങ്ങ് കേന്ദ്രീകരിച്ച് പുതിയ ലാർജ് ക്ലസ്റ്റർ രൂപപ്പെട്ടുവെന്നാണ് അരോഗ്യ വകുപ്പിന്‍റെ വിലയിരുത്തൽ. അതിനാൽ തന്നെ, സാമൂഹ്യ വ്യാപനമുണ്ടോയെന്നത് സ്ഥിരീകരിക്കാൻ അഞ്ചുതെങ്ങിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ട്.
ആറിടങ്ങളിലായാണ് പരിശോധന. മറ്റൊരു തീരദേശ പഞ്ചായത്തായ കരിങ്കുളത്ത് 63 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. നേരത്തെ സാമൂഹ്യ വ്യാപനം നടന്ന പുല്ലുവിളയുടെ സമീപസ്ഥലമാണ് കരിങ്കുളം. തീരദേശ ലോക്ക് ഡൗൺ അടക്കം നടപ്പാക്കി രോഗവ്യാപനം തടയാനുള്ള ശ്രമം ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. ഇതു കൂടാതെയാണ്, പരിശോധനയുടെ എണ്ണവും വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ, പരിശോധന കൂടിയപ്പോൾ രോഗികളുടെ എണ്ണവും വർധിക്കുകയാണ്.