തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കാന്‍ നിര്‍ദേശം നല്‍കി സിഎംഡി ബിജു പ്രഭാകര്‍ ഐഎഎസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് കെ.എസ്.ആര്‍.ടി.സിയില്‍ പരിഹാര കമ്മിറ്റി രൂപീകരിക്കുവാന്‍ എംഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാനേജ്‌മെന്‍റ് പ്രതിനിധികളെയും തൊഴിലാളികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയാകും സെല്‍ രൂപീകരിക്കുക. ഇരുഭാഗത്തിനും തുല്യപ്രാതിനിധ്യം നല്‍കിയായിരിക്കും കമ്മിറ്റി രൂപീകരിക്കുക.
കമ്മിറ്റിയുടെ ചെയര്‍പേഴ്‌സന്‍ സ്ഥാനത്തും ഇരുവിഭാഗത്തിനും അവസരം നല്‍കും. ഒരു വര്‍ഷം മാനേജ്‌മെന്‍റ് തലത്തില്‍ നിന്നുള്ള ആള്‍ക്കാണ് ചെയര്‍മാന്‍ സ്ഥാനമെങ്കില്‍ അടുത്ത വര്‍ഷം തൊഴിലാളി തലത്തില്‍ നിന്നുള്ളവരാകും. അഞ്ച് അംഗങ്ങളാകും സെല്ലിലുണ്ടാവുക. ഇതില്‍ രണ്ട് പേര്‍ വനിതാ അംഗങ്ങളാകും. സെല്ലിലെ അംഗങ്ങളിലെ ഒരാള്‍ മറ്റ് ഭരണ കേന്ദ്രത്തില്‍ നിന്നും ഉള്ളവരായിരിക്കും. രേഖമൂലം ലഭ്യമാകുന്ന പരാതികളില്‍ 30 ദിവസത്തിനകം നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നും എംഡി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.