തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവേശനം മുതൽ സർട്ടിഫിക്കറ്റ് വിതരണം വരെയുള്ള കാര്യങ്ങൾ സമയബന്ധിതമായി തീർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർട്ടിഫിക്കറ്റുകൾ സമയത്ത് ലഭിക്കേണ്ടത് വിദ്യാർഥിയുടെ അവകാശമാണ്. സർട്ടിഫിക്കറ്റ് ലഭിക്കാൻ കാലതാമസം നേരിടുന്നത് വിദ്യാർഥികൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് അവസാനിപ്പിക്കാൻ സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സർവകലാശാലകളിൽ സേവനാവകാശം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സി.എം അറ്റ് ക്യാമ്പസ് പരിപാടിയുടെ ഭാഗമായി കേരള സർവകലാശാലയിലെ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യാസത്തോടൊപ്പം തൊഴിലും ചെയ്യാനുള്ള അവസരവും വിദ്യാർത്ഥികൾക്ക് ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പരിപാടിയില്‍ പറഞ്ഞു. വിദേശ ഭാഷ പഠനത്തിനുള്ള സൗകര്യം കൂടുതൽ ശക്തിപ്പെടുത്തും. ഗവേഷണം വിദ്യാഭ്യാസ രംഗത്ത് വർധിപ്പിക്കേണ്ടതുണ്ടെന്നും നാടിന്‍റെ വികസനത്തിന് ഗവേഷണം സഹായിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിവിധ വിഷയങ്ങൾ ഏകോപിപ്പിച്ചുള്ള കോഴ്‌സുകളും തൊഴിലധിഷ്‌ഠിത കോഴ്‌സുകളും ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യം. സംരംഭക താൽപര്യം വർധിപ്പിക്കുന്ന തരത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാറ്റണം. വ്യവസായങ്ങൾക്ക് അനുയോജ്യമായ തരത്തിൽ കോഴ്‌സുകളിൽ മാറ്റം വരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസിൽ വ്യവസായികളെ ഉൾപ്പെടുത്തുന്നതും തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.