തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നവകേരള സദസ് യാത്രക്കിടെ പ്രതിഷേധം ഉയർത്തുന്നവർക്കെതിരെ സമൂഹമാധ്യമത്തിൽ ഭീഷണിയുമായി മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ. കുമ്മിൾ പഞ്ചായത്ത് അംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ കുമ്മിൾ ഷെമീറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്‍റായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ എസ്കോർട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപി കൃഷ്ണൻ "കഴിയുമെങ്കിൽ വണ്ടി വഴിയിൽ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം" എന്ന് ഭീഷണി സ്വരത്തിൽ മറുപടി നൽകിയത്(Nava Kerala Sadas Cm Security Officer Threatening).
എം എസ് ഗോപി കൃഷ്ണൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. അതേസമയം സംഭവം വിവാദമായതോടെ കമന്‍റ് ഡിലീറ്റ് ചെയ്‌ത് ഗോപി തടിതപ്പി.
ഗോപി കൃഷ്ണൻ മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ അംഗമാണെങ്കിലും നവകേരള യാത്രയിൽ ഡ്യൂട്ടി നൽകിയിട്ടില്ല. ഗോപി കൃഷ്ണന്റെ കമന്‍റിന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മറുപടി നൽകുമ്പോൾ രൂക്ഷമായ ഭാഷയിലാണ് ഇദ്ദേഹം മറുപടി നൽകുന്നത്. കഴിഞ്ഞ ദിവസം നവകേരള ബസിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു വശത്ത് പുകയുമ്പോഴാണ് മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍റെ വെല്ലുവിളി കമന്‍റ് സമൂഹമാധ്യമങ്ങളിൽ വൈറാലായി വിവാദാം പുകയ്ക്കുന്നത്.