തിരുവനന്തപുരം: അതിതീവ്ര മഴയ്ക്കും കാലാവസ്ഥാ ദുരന്തത്തിനും സാധ്യത പ്രഖ്യാപിച്ച സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള രാത്രി ഗതാഗതം പൂർണമായി ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി. രാത്രി ഏഴ് മുതൽ രാവിലെ ഏഴ് വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിച്ച് ഉത്തരവിറക്കും. കൊവിഡിനൊപ്പം കാലവർഷക്കെടുതികളും വന്നതോടെ സംസ്ഥാനം ഇരട്ട ദുരന്തത്തെയാണ് നേരിടുന്നത്.
ഇതുവരെയുള്ള മുന്നറിയിപ്പ് പ്രകാരം അപകട സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തമിഴ്നാട്ടിലെ നീലഗിരി, കർണാടകയിലെ ദക്ഷിണകന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, കുടക്, മഹാരാഷ്ട്രയിലെ മുംബൈ, കൊങ്കൺ ബെൽറ്റ് എന്നിവിടങ്ങളിൽ മഴ രൂക്ഷമായതിനാൽ അന്തർസംസ്ഥാന യാത്രകൾ ഒഴിവാക്കണം. ഇടുക്കി, പാലക്കാട്, തൃശൂർ, വയനാട് ജില്ലകളിൽ നാളെ 204.5 മില്ലീമീറ്റർ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലയ്ക്കൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
രണ്ടു ദിവസമായി മഴ തുടരുന്ന ഇടുക്കി, വയനാട്, റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, കോട്ടയം ജില്ലകളിലും മലപ്പുറം ജില്ലയുടെ കിഴക്കൻ മേഖലയിലും ദുരന്തമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട 17 അണക്കെട്ടുകൾ തുറന്നു. ഇടുക്കി, പത്തനംതിട്ട, പാലക്കാട്, തൃശ്ശൂർ, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഡാമുകൾ തുറന്നത്. സംഭരണ ശേഷി കുറഞ്ഞ ഡാമുകളാണ് തുറന്നത്. വലിയ ഡാമുകളിൽ സംഭരണശേഷിയുടെ പകുതിയോളമേ വെള്ളമുള്ളൂ. ഇവിടെ അപകടകരമായ സാഹചര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.