തിരുവനന്തപുരം : പുരോഗമന വിദ്യാർഥി പ്രസ്ഥാനം ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന് നൽകിയ വിലപ്പെട്ട സംഭാവനയാണ് സഖാവ് കോടിയേരി ബാലകൃഷ്‌ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (CM Remembers Kodiyeri Balakrishnan). അദ്ദേഹത്തിന്‍റെ ചിരസ്‌മരണ വഴിവിളക്കുപോലെ ജ്വലിക്കുകയാണെന്നും മുഖ്യമന്ത്രി അനുസ്‌മരിച്ചു. സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍റെ വിയോഗത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാർട്ടി നിരന്തരമായ വേട്ടയ്ക്ക് വിധേയമായ സന്ദർഭങ്ങളിലെല്ലാം മുന്നിൽ നിന്ന് പ്രതിരോധിച്ചവരിലൊരാളാണ് കോടിയേരി ബാലകൃഷ്‌ണൻ. ആ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇനിയും മുന്നോട്ടുപോകാൻ സാധിക്കണം.
സഖാവ് കോടിയേരി നടന്നുതീർത്ത ജീവിത വഴികൾ ത്യാഗത്തിന്‍റെയും നിശ്ചയ ദാർഢ്യത്തിന്‍റെയും പാർട്ടി കൂറിന്‍റെയും വലിയ മാതൃകകൾ കാണിച്ചുതരുന്നുണ്ട്. ആഭ്യന്തര വകുപ്പിലും ടൂറിസം വകുപ്പിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മികച്ച ഭരണാധികാരിയും പാർലമെന്‍റേറിയനുമായി വ്യക്തിമുദ്ര പതിപ്പിക്കാൻ കോടിയേരിക്ക് സാധിച്ചു. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും കോടിയേരിയുടെ നിയമസഭാപ്രസംഗങ്ങള്‍ എക്കാലത്തും രാഷ്ട്രീയ കേരളം ഉറ്റുനോക്കിയിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ ധീരമായി നേരിടാനുള്ള അസാമാന്യമായ മനശ്ശക്തിയും പ്രത്യയശാസ്ത്ര ദൃഢതയും അദ്ദേഹത്തിനുണ്ടായിരുന്നു. ഉറച്ച പ്രത്യയശാസ്ത്ര ബോധ്യവും വിട്ടുവീഴ്‌ചയില്ലാത്ത പാർട്ടിക്കൂറും ഉജ്വലമായ സംഘടനാശേഷിയും ഒത്തുചേർന്ന നേതാവായിരുന്നു കോടിയേരി.
സംഘടനാകാര്യങ്ങളിൽ കാർക്കശ്യമുള്ളപ്പോഴും ഇടപെടലുകളിലെ സൗമ്യതയായിരുന്നു ബാലകൃഷ്‌ണന്‍റെ സവിശേഷതയെന്നും സ്വന്തം ആരോഗ്യം പോലും അവഗണിച്ചാണ് അവസാന കാലത്ത് അദ്ദേഹം സംഘടനാകാര്യങ്ങളിൽ മുഴുകിയതെന്നും മുഖ്യമന്ത്രി കുറിച്ചു.
ക്രൂരമായ പീഡനങ്ങൾ അടിയന്തരാവസ്ഥക്കാലത്ത് ഏറ്റുവാങ്ങേണ്ടി വന്നിട്ടും ഭരണകൂട ഭീകരതയിൽ ഒരിഞ്ച് തളരാതെ അദ്ദേഹം എസ്‌എഫ്‌ഐയെ മുന്നോട്ടുനയിച്ചു. ജനകീയ സമരങ്ങളുടെയും സംഘാടനങ്ങളുടേയും മൂശയിൽ വാർത്തെടുക്കപ്പെട്ട ബാലകൃഷ്‌ണൻ വളരെ പെട്ടെന്നുതന്നെ ശ്രദ്ധേയനായ കമ്മ്യൂണിസ്‌റ്റ് നേതാവായി വളരുകയായിരുന്നു - മുഖ്യമന്ത്രി കുറിച്ചു.
ഇന്ന്, കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂർ പയ്യാമ്പലത്ത് സ്‌മൃതി കുടീരം അനാച്ഛാദനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും ചടങ്ങിൽ പങ്കെടുക്കും.
ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്‍റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിക്ക് സ്‌മൃതി മണ്ഡപം ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് തലശ്ശേരിയിൽ നടക്കുന്ന അനുസ്‌മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.
എംവി ഗോവിന്ദനും തളിപ്പറമ്പിലെ അനുസ്‌മരണ സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നാഴ്‌ച നീളുന്ന അനുസ്‌മരണ പരിപാടികളാണ് കണ്ണൂരിൽ സിപിഎം സംഘടിപ്പിക്കുന്നത്.