തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ (CM Relief Fund) തുക ദുർവിനിയോഗം ചെയ്തെന്ന കേസ് ലോകായുക്ത ഇന്ന് (ഓഗസ്റ്റ് 07) പരിഗണിക്കും. ഫുള്‍ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മൂന്നംഗ ബെഞ്ചിന് കേസ് വിടാനുള്ള തീരുമാനം ചോദ്യം ചെയ്‌ത് പരാതിക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.
ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൂന്ന് പേരടങ്ങുന്ന ലോകായുക്ത ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഷാജിയാണ് കേസില്‍ സര്‍ക്കാരിനായി ഹാജരാകുന്നത്. ഹര്‍ജിക്കാരനായി അഭിഭാഷകൻ ജോർജ് പൂന്തോട്ടവും ഹാജരാകും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള തുക വഴിവിട്ട് നല്‍കിയെന്നതാണ് ഹര്‍ജിയില്‍ പരാതിക്കാരന്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥനായ ആർ എസ് ശശി കുമാറാണ് വിഷയത്തില്‍ ലോകായുക്തയെ സമീപിച്ചത്.
ഹര്‍ജിയിലുന്നയിക്കുന്ന ആരോപണം : അന്തരിച്ച എൻസിപി (NCP) നേതാവ് ഉഴവൂർ വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകമ്പടി പോകുന്നതിനിടെ അപകടത്തില്‍പ്പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവീണ്‍, അന്തരിച്ച മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഫണ്ട് വഴിവിട്ട് നല്‍കിയെന്നായിരുന്നു ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്ന പ്രധാന പരാതി.
ഔട്ട് ഓഫ് അജണ്ട പ്രകാരമാണ് തുകകൾ ഈ കുടുംബങ്ങള്‍ക്ക് നൽകിയതെന്ന് ആയിരുന്നു ഹര്‍ജിക്കാരന്‍റെ അഭിഭാഷകന്‍ നേരത്തെ കോടതിയില്‍ വാദിച്ചത്. എന്നാൽ, മന്ത്രിസഭ തീരുമാന പ്രകാരമാണ് പണം അനുവദിച്ചത് എന്നായിരുന്നു വിഷയത്തിൽ സർക്കാരിന്‍റെ വാദം. ധനസഹായ പദ്ധതിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയ്ക്ക് മുകളിൽ അനുവദിക്കാൻ മുഖ്യമന്ത്രിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്നും സര്‍ക്കാര്‍ വിശദീകരണം നൽകിയിരുന്നു.
കഴിഞ്ഞ ജൂലൈ 20ന് കേസ് പരിഗണിച്ചപ്പോഴാണ് തുടർ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്. നേരത്തെ കേസ് പരിഗണിച്ച ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച്, ഹര്‍ജി തങ്ങളുടെ പരിഗണനയില്‍ ആണെന്നുള്ള കാര്യം ലോകായുക്തയെ അറിയിക്കാന്‍ ഡയറക്‌ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് നിര്‍ദേശം നല്‍കിയിരുന്നു. പുതിയ ചീഫ് ജസ്റ്റിസിന് കീഴിലാകും ഹൈക്കോടതിയില്‍ ഹര്‍ജി വീണ്ടും പരിഗണിക്കുക. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവർ അടങ്ങുന്ന ഫുൾ ബെഞ്ചായിരുന്നു കേസ് ഇന്നത്തേക്ക് മാറ്റിയത്.