തിരുവനന്തപുരം: കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ പുതിയ മാതൃകയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടിച്ചിട്ട മീഡിയ റൂമിൽ നടത്തിയിരുന്ന വാർത്ത സമ്മേളനം സെക്രട്ടേറിയറ്റിലെ നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലെ പാർക്കിങ്ങ് ഏരിയയിൽ വച്ചാണ് മുഖ്യമന്ത്രി നടത്തിയത്. അടഞ്ഞ ശീതികരിച്ച മുറിയിൽ വാർത്ത സമ്മേളനം നടത്തുന്നതിന്‍റെ അപകടം കഴിഞ്ഞ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിനു പിന്നാലെയാണ് കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാർത്ത സമ്മേളനം പുറത്തേക്ക് മാറ്റിയത്. നിശ്ചിത ദൂരത്തിലാണ് മാധ്യമ പ്രവർത്തകർക്കുള്ള കസേര സജ്ജീകരിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പ്രത്യേക പ്ലാറ്റ്‌ഫോമും ഒരുക്കി. മേശയും കസേരകളും അണു വിമുക്തമാക്കി എല്ലാ മുൻകരുതലും സ്വീകരിച്ചിരുന്നു.
ക്രമീകരണങ്ങൾ കണ്ട മാധ്യമ പ്രവർത്തകർക്ക് കൗതുകം. സാധരണ ക്രമീകരണങ്ങളോട് അധികം സഹകരിക്കാത്ത മാധ്യമ പ്രവർത്തകർ പൂർണ മനസ്സോടെ മാറ്റം സ്വീകരിച്ചു. വരും ദിവസങ്ങളിലും ഇതേ മാതൃകയിൽ തന്നെ വാർത്ത സമ്മേളനം നടത്താനാണ് തീരുമാനം.