തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി പൊലീസ് സേനയെ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 25000 പൊലീസുകാരെ ഇതിനായി നിയോഗിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇത് കൂടാതെ രോഗ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും. വാര്‍ഡ് തല പ്രതിരോധ സമിതികളെ പുനരജ്ജീവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആള്‍ക്കൂട്ടങ്ങള്‍ വലിയ തോതില്‍ ഒഴിവാക്കണം. രാത്രി പത്തുമണിക്ക് ശേഷമുള്ള യാത്രകള്‍ ജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു മാസത്തിനിടെ വലിയ രീതിയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വലിയ രീതിയില്‍ വര്‍ദ്ധിക്കുകയാണ്. ഇത് ജാഗ്രത പാലിക്കേണ്ട വിഷയമാണ്. മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ ടെസ്റ്റുകളുടെ എണ്ണം കൂടുതലാണ്. ഇത് ഇനിയും വര്‍ദ്ധിപ്പിക്കും. ഒരു ലക്ഷമായി പ്രതിദിന പരിശോധന വര്‍ദ്ധിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതില്‍ 75 ശതമാനവും ആര്‍ടിപിസിആര്‍ പരിശോധനയാകും നടത്തുക. കേരളത്തില്‍ ജനസംഖ്യയുടെ മൂന്ന് ശതമാനത്തില്‍ താഴെ ആളുകള്‍ക്കാണ് കൊവിഡ് ബാധിച്ചത്. സംസ്ഥാനത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളുടെ മേന്‍മ കൊണ്ടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൈകാര്യം ചെയ്യാന്‍ കഴിയാത്ത രീതിയില്‍ രോഗ വ്യാപനം ഉണ്ടായിട്ടില്ല. ഇത് നേട്ടം തന്നെയാണ്. പ്രതിരോധത്തില്‍ സര്‍ക്കാര്‍ പിന്നോട്ട് പോകില്ല. ഒരുമിച്ച് നേരിടാമെന്നും മുഖ്യമന്ത്രി പറഞ്ഞു.