തിരുവനന്തപുരം : തൃശ്ശൂർ പൂരം (Thrissur Pooram) നിലവിലുള്ള ധാരണ പ്രകാരം പൂരം നടത്തണമെന്ന് ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രിയുടെ നിർദേശം. ഇത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഓൺലൈൻ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികൾ മുഖ്യമന്ത്രിയുടെ നിർദേശം സ്വാഗതം ചെയ്‌തു.
നിലവിലുള്ള ധാരണ പ്രകാരം കൊച്ചിൻ ദേവസ്വം ബോർഡും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളും പൂരം ഭംഗിയായി നടത്തണം. തൃശ്ശൂർ പൂരം രാജ്യത്തെ തന്നെ പ്രധാന ശ്രദ്ധാകേന്ദ്രമാണ്. നാടിന്‍റെ ആവശ്യമാണ് പൂരം ഭംഗിയായി നടക്കുക എന്നത്.
ലോകത്തിന്‍റെ തന്നെ വിവിധ ഭാഗങ്ങളിൽ കേരളത്തെ അടയാളപ്പെടുത്തുന്നത് തൃശ്ശൂര്‍ പൂരത്തിലൂടെയാണ്. പൂരത്തിന്‍റെ പേരിൽ അനാവശ്യ വിവാദങ്ങൾ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ആവശ്യപ്പെട്ടു.
പൂരം നടത്തുന്നതിലെ ചെലവുകള്‍ വഹിക്കുന്നതിന് വേണ്ടി ദേവസ്വങ്ങള്‍ എക്‌സിബിഷനുകള്‍ സംഘടിപ്പിക്കാറുണ്ട്. കൊച്ചിന്‍ ദേവസ്വത്തിന്‍റെ സ്ഥലത്താണ് എക്‌സിബിഷന്‍ സാധാരണ നടത്താറുള്ളത്. കഴിഞ്ഞ വര്‍ഷം ഈ സ്ഥലത്തിന്‍റെ തറവാടക 42 ലക്ഷം രൂപയായിരുന്നു.
വരുന്ന വര്‍ഷത്തെ പൂരത്തിന് മുന്‍പായി ഈ സ്ഥലത്തെ തറവാടക ഒരു ചതുരശ്ര അടിയ്ക്ക് രണ്ടുരൂപ എന്ന നിരക്കില്‍ നിശ്ചയിച്ചു. ഇതോടെ, തറവാടക ഇനത്തില്‍ ദേവസ്വങ്ങള്‍ക്ക് 2 കോടി രൂപ നല്‍കേണ്ട അവസ്ഥയായി. ഇതിന് പിന്നാലെ ദേവസ്വങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പൂരം നടത്തിപ്പ് തങ്ങള്‍ ഉപേക്ഷിക്കുമെന്ന് ദേവസ്വങ്ങള്‍ അഭിപ്രായപ്പെട്ടു. പിന്നാലെ, ദേവസ്വം മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടതും ഉന്നതതല യോഗം ചേര്‍ന്നതും. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ , റവന്യൂ മന്ത്രി കെ രാജൻ, ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു, ടി എൻ പ്രതാപൻ എംപി, പി. ബാലചന്ദ്രൻ എംഎൽഎ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എംജി രാജമാണിക്യം, തിരുവമ്പാടി, പാറമേക്കാവ്, കൊച്ചിൻ ദേവസ്വം പ്രതിനിധികൾ തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.