തിരുവനന്തപുരം: പ്രതിപക്ഷത്തിന് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷം തുരങ്കം വയ്ക്കുന്നു എന്ന് മുഖ്യമന്ത്രി ആരോപിച്ചു. തുടക്കം മുതൽ നിഷേധാത്മകമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നത്. എല്ലാ നടപടികളെയും അന്ധമായി എതിർത്തു. ഒരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് വാർത്ത സമ്മേളനങ്ങളില്‍ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. ആരോപണങ്ങൾ തെളിയിക്കാൻ കഴിയാതെ വാക്ക് മാറ്റി പറഞ്ഞ് പിന്മാറുകയെന്നതാണ് പ്രതിപക്ഷനേതാവ് നടത്തുന്ന അഭ്യാസമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
പ്രളയം വന്നപ്പോൾ ദുരിതാശ്വാസ നിധി കണ്ടെത്തുന്നതിനെ അട്ടിമറിക്കാൻ ശ്രമിച്ചവരാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധത്തിന് സർക്കാർ ജീവനക്കാരുടെ സാലറിയിൽ നിന്നും തുക കണ്ടെത്താൻ ശ്രമിച്ചപ്പോൾ ഉത്തരവ് കത്തിച്ചു. ജനങ്ങൾ പ്രതിസന്ധിയിൽ ആയാലും സർക്കാരിനെ ആക്രമിച്ചാൽ മതിയെന്ന മാനസികാവസ്ഥയാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി ആരോപിച്ചു.
ടെക്നോസിറ്റിയിലെ കളിമൺ ഖനനത്തിലെ അഴിമതി ആരോപണം അതിന്‍റെ ഉദാഹരണമാണ്. കേരള ക്ലേയ്സ് ആന്‍റ് സെറാമിക് പ്രോഡക്റ്റ്സ് എന്ന സ്ഥാപനമാണ് സോഫ്റ്റ്‌സോയിൽ എടുത്ത് ഹാർഡ് സോയിൽ നിക്ഷേപിക്കുന്നതിനുള്ള നിർദേശം മുന്നോട്ടുവച്ചത്. എന്നാൽ സർക്കാർ അത് അംഗീകരിച്ചില്ല. സർക്കാർ തലത്തിൽ ഇത് സംബന്ധിച്ചുള്ള ഒരു തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനെയാണ് അഴിമതി ആരോപണമായി പ്രതിപക്ഷം കൊണ്ടു വരുന്നത്. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കുക എന്നതാണ് പഴഞ്ചൊല്ലെങ്കിൽ ഇവിടെ പ്രതിപക്ഷം കയർ എടുക്കുകയല്ല പാലു കറക്കാൻ തന്നെ ഓടുകയാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. ആരോപണങ്ങളൊന്നും ക്ലച്ച് പിടിക്കാതായപ്പോൾ എന്തെങ്കിലും പറഞ്ഞ് പുകമറ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം. ഇതിന്‍റെ ജാള്യത മറക്കാനാണ് പത്രസമ്മേളനം വിളിച്ച് ഒരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.