തിരുവനന്തപുരം : പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് ശേഷമുള്ള നിയമ നടപടികളില്‍ അനാവശ്യമായ തിടുക്കവും വീഴ്‌ചയും പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ നടപടികളും നിയമപ്രകാരമാണെന്ന് ഉറപ്പുവരുത്തണം. വേട്ടയാടുകയാണെന്ന തോന്നല്‍ ഉണ്ടാക്കാതെ വേണം നടപടി പൂര്‍ത്തിയാക്കാനെന്നും വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ജില്ല കലക്‌ടര്‍മാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ നിര്‍ദേശം നല്‍കി.
നിരോധിത സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരെ തുടര്‍ച്ചയായി നിരീക്ഷിക്കണമെന്ന് പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയെങ്കിലും സംസ്ഥാനത്ത് ഇത് സംബന്ധിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടില്ല. ഓഫിസുകള്‍ സീല്‍ ചെയ്യുന്നതടക്കമുള്ള നടപടികളാണ് വൈകുന്നത്.
ഇത്തരം നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് ഡിജിപി വിശദമായ സര്‍ക്കുലര്‍ ഇറക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല. സര്‍ക്കുലര്‍ ഇറക്കുന്നതിന് മുന്നോടിയായാണ് യോഗം ചേര്‍ന്നത്.
യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഉടന്‍ സര്‍ക്കുലര്‍ പുറത്തിറക്കും. ഇതിനിടെ നിരോധിച്ച ശേഷം പോപ്പുലര്‍ ഫ്രണ്ടിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ രണ്ടുപേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം വര്‍ക്കലയില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പതാക താഴ്ത്തുന്ന സമയത്ത് മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരെയാണ് നടപടി.