തിരുവനന്തപുരം : കരിമണല്‍ കമ്പനി ഡയറിയിലെ പേരുകാരില്‍ താനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 7 മാസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. പിവി എന്ന മറ്റാരുടേയോ പേര് കൊണ്ടുവന്ന ശേഷം തന്നിലേക്ക് എത്താനാണ് ശ്രമം. കമ്പനിയുടെ കണക്കിലുള്ളതാണ് എല്ലാം. പിവി എന്ന ചുരുക്കപ്പേര് ആരുമാകാമെന്നും മുഖ്യമന്ത്രി പറഞ്ഞു (CM Pinarayi Vijayan On Monthly Quota).
ഇഡിയുടെ റിപ്പോര്‍ട്ടിലെ പിവി പരാമര്‍ശം ആരുമാകാം.വിഷയത്തില്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാനാകുമോയെന്ന് കാണാം. മാസപ്പടി വിവാദത്തില്‍ ആളെ വ്യക്തമാക്കാതെ ആളുടെ ബന്ധു എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കമ്പനിയുടെ മറച്ചുവച്ച കണക്കിലല്ല ഇത് പുറത്തുവന്നത്.
ആദായ നികുതിയുടെ കണക്കിലാണ് ഇത് പുറത്തുവരുന്നത്. അതുകൊണ്ട് തന്നെ വിവരങ്ങള്‍ സുതാര്യമല്ലെന്ന് പറയുന്നതില്‍ അര്‍ഥമില്ല. വിഷയത്തില്‍ ഇഡിയുടെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാണ്. പ്രൊഫഷണലായ രീതിയില്‍ ജോലി ചെയ്യുന്ന ഒരാളുടെ പേരുമായി ബന്ധപ്പെടുത്തി പറയുന്നു.
ഏറെ നാളായി മാധ്യമങ്ങള്‍ ഇത് പറയുന്നു. പിണറായി വിജയനെ തകര്‍ക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്. അതിന്‍റെ ഭാഗമായിട്ടുള്ള നടപടിയാണ് കുടുംബത്തെയും ചേര്‍ത്ത് പറയുക എന്നത്. അത്തരം നടപടികള്‍ നിങ്ങള്‍ തുടരണമെന്നും മാധ്യമങ്ങളില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
അതേസമയം ദല്ലാള്‍ നന്ദകുമാറിനെ ഇറക്കി വിട്ട വിഷയത്തില്‍ പിന്നീട് പല തവണ മുഖ്യമന്ത്രിയെ കണ്ടുവെന്ന അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തലില്‍ ഇറക്കിവിട്ട ആള്‍ക്ക് പിന്നീട് കാണാന്‍ വരാന്‍ ധൈര്യം വരുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. മന്ത്രിസഭ പുനഃസംഘടന മാധ്യമ സൃഷ്‌ടിയാണ്. പുനഃസംഘടന എന്ന വിഷയം എല്‍ഡിഎഫിനകത്ത് ചര്‍ച്ചാവിഷയമേ അല്ലെന്നും ഏതെങ്കിലും തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പിലാക്കാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫെന്നും പറഞ്ഞ കാര്യം അതേ പോലെ നടപ്പിലാക്കുന്നതാണ് ശീലമെന്നും അദ്ദേഹം പറഞ്ഞു.
സോളാര്‍ കേസില്‍ ഗൂഢാലോചനയുടെ കാര്യങ്ങള്‍ ധാരാളം പുറത്ത് വരേണ്ടതുണ്ട്. ചില സ്ഥാനങ്ങള്‍ക്ക് വേണ്ടി ഗൂഢാലോചനകളും നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. യുഡിഎഫിനും കോണ്‍ഗ്രസിനും പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുണ്ടെങ്കില്‍ പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാന്‍ വിഷമമില്ലെന്ന് നിയമസഭയില്‍ തന്നെ പറഞ്ഞതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അടിയന്തര പ്രമേയത്തില്‍ എന്തിനാണ് ഇത് ഉയര്‍ത്തുന്നതെന്ന് ചോദിച്ചതാണ്. ഇപ്പോള്‍ സോളാര്‍ കേസ് എന്തിനാണ് പുറത്തുകൊണ്ട് വന്നത്. പിണറായി വിജയനെയല്ല ഉമ്മന്‍ചാണ്ടിയെ തന്നെയാണ് ഇത് ബാധിക്കുക. ഇത് വളരെ മയമായി നിയമസഭയില്‍ വ്യക്തമാക്കിയതാണ്. യുഡിഎഫിലെ പ്രധാനപ്പെട്ടവര്‍ തന്നെ തുടര്‍ന്ന് ഇതില്‍ വിഭിന്ന പ്രതികരണം നടത്തിയിരുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
ക്ഷേത്രത്തിലെ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ അയിത്തം നേരിട്ടുവെന്ന മന്ത്രി കെ രാധാകൃഷ്‌ണന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനം ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ്. പക്ഷേ അയിത്തം എന്ന നിലപാടിന്‍റെ ഭാഗമായി ഉണ്ടായ നടപടി എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. നമ്മുടെ സമൂഹത്തില്‍ നടക്കുമെന്ന് ആരും പ്രതീക്ഷിക്കാത്ത കാര്യമാണ് ഉണ്ടായതെന്നും പിണറായി വിജയന്‍ പറഞ്ഞു.