തിരുവനന്തപുരം : മികച്ച രീതിയില്‍ കേരളീയം നടത്താന്‍ സാധിച്ചത് ആയിരക്കണക്കിനാളുകളുടെ ദൃഢനിശ്ചയവും കഠിനാധ്വാനവും കാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്‍റെ സംഘാടനത്തില്‍ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. സ്വാഭാവികമായ ചെറിയ പിഴവുകള്‍ തിരുത്തി കൂടുതല്‍ മികച്ച രീതിയില്‍ അടുത്ത വര്‍ഷം കേരളീയം സംഘടിപ്പിക്കാനും മറ്റ് നാടുകളില്‍ നിന്നുകൂടി കൂടുതല്‍ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ വിജയം പ്രചോദനം പകരും.
അടുത്ത കേരളീയത്തിനായുള്ള തയ്യാറെടുപ്പുകള്‍ ഇപ്പോഴേ ആരംഭിക്കുകയാണ്. അതിനായി ചീഫ് സെക്രട്ടറി ചെയര്‍മാനായി ഒരു സംഘാടകസമിതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം രൂപം നല്‍കിയിട്ടുണ്ട്. കെഎസ്‌ഐഡിസി എം.ഡി കണ്‍വീനറാകും. തദ്ദേശസ്വയംഭരണം, പൊതുഭരണം വകുപ്പുകളുടെ അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, വ്യവസായം, വിനോദസഞ്ചാരം, ധനകാര്യം, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, വിനോദസഞ്ചാരം, വ്യവസായം, സാംസ്‌കാരികം വകുപ്പ് ഡയറക്‌ടര്‍മാര്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എന്നിവരടങ്ങുന്നതാണ് കമ്മിറ്റി.
ഇപ്പോള്‍ തന്നെ അടുത്ത കേരളീയത്തിന്‍റെ തയാറെടുപ്പുകള്‍ ഈ കമ്മിറ്റി ആരംഭിക്കും. കേരളത്തെ കൂടുതല്‍ മികവോടെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാം. മണിശങ്കര്‍ അയ്യരെ പോലുള്ള പ്രഗത്ഭരുടെ പങ്കാളിത്തവും എല്ലാ ഭേദങ്ങളും മറന്നുള്ള നാനാ വിഭാഗം ജനങ്ങളുടെ സാന്നിധ്യവും 'കേരളീയ'ത്തെ നാടിന്‍റെയാകെ വികാരമായി ഉയര്‍ത്തി. സമാപന സമ്മേളനം പുരോഗമിക്കുമ്പോഴാണ്, മുതിര്‍ന്ന ബി ജെ പി നേതാവ് ശ്രീ ഒ. രാജഗോപാല്‍ കടന്നുവന്നത്.
കേരളീയത്തെ കുറിച്ച് ഉയര്‍ത്തിയ വിമര്‍ശനങ്ങളും ആക്ഷേപങ്ങളും ജനങ്ങളെയോ നേതൃനിരയിലുള്ളവരേയോ ബാധിച്ചിട്ടില്ല എന്നതിന്‍റെ സൂചനകളാണ് ഇതെല്ലാം. നമ്മുടെ നാടിന്‍റെ പുരോഗതി എങ്ങനെയാകണം എന്നത് സംബന്ധിച്ച അന്വേഷണത്തെയും അതിനുവേണ്ടിവരുന്ന ചെലവിനേയും ധൂര്‍ത്തായി സര്‍ക്കാര്‍ കരുതുന്നില്ല എന്ന് വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ അതിതീവ്ര സാമ്പത്തിക കടന്നാക്രമണങ്ങളാണ് സംസ്ഥാനത്തിന് നേരിടേണ്ടിവരുന്നത്.
ജിഎസ്‌ടി ഏര്‍പ്പെടുത്തിയതോടെ സംസ്ഥാനങ്ങള്‍ക്ക് നികുതി പിരിക്കുന്നതില്‍ വലിയ അധികാര നഷ്‌ടമാണുണ്ടായത്. നികുതി അവകാശം പെട്രോള്‍, ഡീസല്‍, മദ്യം എന്നിവയില്‍ മാത്രമായി ചുരുങ്ങി. ജിഎസ്‌ടി നിരക്കില്‍ തട്ടുകള്‍ നിശ്ചയിച്ചതും, റവന്യൂ നൂട്രല്‍ നിരക്ക് ഗണ്യമായി കുറച്ചതും കേരളത്തിന്‍റെ വരുമാനത്തിന് തിരിച്ചടിയായി. ഈ വര്‍ഷം കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും 57,400 കോടി രൂപയുടെ കുറവാണുണ്ടാകുന്നത്.
അര്‍ഹതപ്പെട്ട വായ്‌പാനുമതിയില്‍ 19,000 കോടി രൂപ നിഷേധിച്ചു. റവന്യൂ കമ്മി ഗ്രാന്‍റില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 8400 കോടി കുറഞ്ഞു. ജിഎസ്‌ടി നഷ്‌ടപരിഹാരമായി ലഭിച്ചിരുന്ന 12,000 കോടിയോളം ഇല്ലാതായി. ഈ പ്രശ്‌നങ്ങള്‍ക്കിടയിലും ക്ഷേമ പദ്ധതികളില്‍ നിന്ന് അണുവിട പിന്മാറാന്‍ ഉദ്ദേശിക്കുന്നില്ല. സൗജന്യങ്ങള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാനം അംഗീകരിക്കുന്നില്ല.
വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കുറവും വരുത്താതെ സംസ്ഥാനത്തെ വികസന ലക്ഷ്യങ്ങളിലേക്ക് നയിക്കാനാണ് ശ്രമം. കഴിഞ്ഞവര്‍ഷം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജിഎസ്‌ടി വരുമാനം 23,000 കോടി വര്‍ധിപ്പിക്കാനായി. 2021-22ല്‍ തനത് നികുതി വരുമാന വര്‍ധന 22.41 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 23.36 ശതമാനമായി വീണ്ടും ഉയര്‍ത്തി.
റവന്യൂ കമ്മി 0.9 ശതമാനത്തിലെത്തിച്ചു. റവന്യൂ കമ്മി ഒരു ശതമാനത്തില്‍ താഴെയെത്തിയത് ചരിത്രത്തില്‍ ആദ്യമാണ്. ഇതെല്ലാം ധന കമ്മിഷന്‍ നിശ്ചയിച്ച സമയക്രമം അനുസരിച്ചുള്ള കേരളത്തിന്‍റെ ധനദൃഡീകരണ പ്രവര്‍ത്തനങ്ങളുടെ വിജയമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരളം തനത് വരുമാന സ്രോതസുകള്‍ വഴിയാണ് ചെലവുകളുടെ മുഖ്യപങ്കും നിര്‍വഹിച്ചത്. ഈ വര്‍ഷവും ചെലവിന്‍റെ 71 ശതമാനവും സംസ്ഥാനം വഹിക്കേണ്ട സ്ഥിതിയാണ്.
എന്നിരുന്നാലും സംസ്ഥാനത്തിന്‍റെ ഭാവിയിലേക്കുള്ള ആലോചനകളും ആസൂത്രണവും മാറ്റിവയ്ക്കാന്‍ കഴിയില്ല. സാംസ്‌കാരിക മേഖലയില്‍ ചെലവിടുന്ന പണത്തെ ധൂര്‍ത്തെന്നും അനാവശ്യമെന്നും ചിത്രീകരിക്കാനുള്ള ശ്രമം ജനാധിപത്യവും സാംസ്‌കാരിക ഔന്നത്യവും പുലരുന്ന നാടിന് അംഗീകരിക്കാനാവില്ല. പുസ്‌തകങ്ങളും ഗ്രന്ഥാലയങ്ങളും ചുട്ടുകരിക്കുന്ന രീതിയും പാരമ്പര്യവും ഫാസിസത്തിന്‍റേതാണ്.
അതിന്‍റെ നേര്‍വിപരീത ദിശയില്‍ സഞ്ചരിക്കുന്നവരാണ് നാം. സാംസ്‌കാരിക രംഗത്തെ ഇടപെടലും നിക്ഷേപവും വരും തലമുറയോട് ചെയ്യുന്ന നീതിയാണെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, ഹിമാചല്‍ പ്രദേശില്‍ സമീപകാലത്തെ മഴയില്‍ മനുഷ്യജീവനും സ്വത്തിനും കനത്ത നാശനഷ്‌ടമുണ്ടായ സാഹചര്യത്തില്‍ പുരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഹിമാചല്‍ സര്‍ക്കാരിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഏഴ് കോടി രൂപ ധനസഹായം അനുവദിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.