തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികത്തിന്‍റെ ഭാഗമായി മൂന്നാം 100 ദിന കര്‍മ്മ പരിപാടി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കലും 15,896 കോടി രൂപ അടങ്കലും 100 ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം മുട്ടത്തറയില്‍ പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി 400 വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചുകൊണ്ടാണ് പദ്ധതിയുടെ ഉദ്ഘാടനം.
ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം കര്‍മ്മപദ്ധതിയില്‍ ലക്ഷ്യമിടുന്നു. മെയ് 17ന് സ്ഥാപക ദിനം ആചരിക്കുന്ന കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകള്‍ വഴി വിറ്റഴിക്കും. അത്യുത്പാദന ശേഷിയുള്ള ഹൈബ്രിഡ് പച്ചക്കറി വിത്തുകളുടെ ഉത്പാദനവും വിതരണവും ആരംഭിക്കും.
പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിലായി ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ ദാനവും നടക്കുന്നതാണ്. 2.75 മെഗാവാട്ട് ശേഷിയുള്ള ബ്രഹ്മപുരം സൗരോര്‍ജ പദ്ധതിയുടെ ഉദ്ഘാടനം നടത്തും. പാലക്കാട് ജില്ലയിലെ നടുപ്പതി ആദിവാസി ആവാസ മേഖലകളില്‍ വിദൂര ആദിവാസി കോളനികളിലെ മൈക്രോ ഗ്രിഡ് പദ്ധതി ഉദ്ഘാടനം ചെയ്യും.
വ്യവസായ വകുപ്പിന്‍റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കപ്പെടും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും തദ്ദേശഭരണ വകുപ്പില്‍ 1595.11 കോടിയുടെയും അടങ്കലുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സഹകരണ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ 500 ഏക്കര്‍ തരിശുഭൂമിയില്‍ ഏഴ് ജില്ലകളില്‍ ഒരു ജില്ലയ്ക്ക് ഒരു വിള അനുയോജ്യമായ പദ്ധതി നടപ്പാക്കുന്നതാണ്.
ഫ്‌ളോട്ടിംഗ് സോളാര്‍ പദ്ധതി നടപ്പാക്കുന്നതിനായി ഏകജാലക അനുമതി സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.