തിരുവനന്തപുരം : കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന നിലയില്‍ സാമൂഹ്യ മാധ്യമങ്ങളിലുയര്‍ന്ന പ്രചാരണം തെറ്റാണെന്നും കേരളീയം ജനശ്രദ്ധ നേടിയപ്പോള്‍ അതിന്‍റെ ശോഭ കെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാടോടി ഗോത്ര കലാകാരന്മാര്‍ക്ക് കലാരൂപം അവതരിപ്പിക്കാനുള്ള വേദിയായിരുന്നു കേരളീയം പരിപാടിയുടെ ഭാഗമായി ഒരുക്കിയ ആദിമം. പന്തക്കാളി, കളവും പുള്ളുവന്‍പാട്ടും, പടയണി, തെയ്യം, മുടിയേറ്റ്, പൂതനും തിറയും തുടങ്ങിയ കലാരൂപങ്ങള്‍ക്ക് ഒപ്പമാണ് പളിയ നൃത്തവും അവതരിപ്പിച്ചത്.
ഇടുക്കി ജില്ലയിലെ കുമളിയിലെ പളിയര്‍ എന്ന ആദിവാസി വിഭാഗത്തിന്‍റെ പാരമ്പര്യ നൃത്തരൂപമാണ് പളിയ നൃത്തം. ഊരു മൂപ്പന്‍മാരെ സന്ദര്‍ശിച്ച് നിര്‍മാണ രീതി നേരിട്ട് മനസിലാക്കി അവരുടെ മേല്‍നോട്ടത്തിലാണ് പരമ്പരാഗത കുടിലുകള്‍ നിര്‍മ്മിച്ചത്. ഈ കുടിലിന്‍റെ മുന്‍പില്‍ ഗോത്ര വിഭാഗങ്ങള്‍ അവരുടെ പൂര്‍വികര്‍ അവതരിപ്പിച്ച മാതൃകയില്‍ അനുഷ്‌ഠാന കല അവതരിപ്പിച്ചതില്‍ എന്താണ് തെറ്റ് ?.
കേരളീയത്തിന്‍റെ ഭാഗമായി പരമ്പരാഗത ഗോത്രവിഭാഗത്തില്‍പ്പെട്ട ഒരു സംഘം കലാകാരന്മാര്‍ക്ക് അവരുടെ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നതിന് ഫോക്‌ലോര്‍ അക്കാദമി അവസരമൊരുക്കുകയാണ് ചെയ്‌തത്. കഥകളിയും ഓട്ടന്‍തുളളലും നങ്ങ്യാര്‍കൂത്തും തിരുവാതിരക്കളിയും പോലെ ഒരു കലാരൂപം ആണ് പളിയ നൃത്തവും. ആ കലാരൂപത്തിന്‍റെ ഭാഗമായി പരമ്പരാഗത വേഷവിധാനങ്ങളോടെ കുടിലുകള്‍ക്ക് മുന്നില്‍ ഇരുന്ന കലാകാരന്‍മാരെ പ്രദര്‍ശന വസ്‌തുക്കളാക്കി എന്ന പ്രചാരണം നടത്തിയത് ശരിയായ ഉദ്ദേശ്യത്തോടെയല്ല.
കേരളത്തിന് അകത്തും പുറത്തുമായി നടക്കുന്ന വിവിധ പരിപാടികളില്‍ ഫോക്‌ലോര്‍ അക്കാദമിയുമായി സഹകരിക്കുന്ന കലാകാരന്‍മാരാണ് കേരളീയത്തിലും പങ്കെടുത്തത്. തങ്ങളുടെ കലാപ്രകടനം ഒരുപാട് പേര്‍ കണ്ടതില്‍ അവര്‍ സന്തോഷം രേഖപ്പെടുത്തിയിട്ടുണ്ട്. കലാപ്രകടനത്തിന് ശേഷം അതിനായി തയ്യറാക്കിയ പരമ്പരാഗത കുടിലിന് മുന്നില്‍ വിശ്രമിച്ച ചിത്രമാണ് പ്രദര്‍ശനവസ്‌തു എന്ന പേരില്‍ പ്രചരിച്ചത് എന്ന കാര്യവും അവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ആദിവാസികളെ ഷോക്കേസ് ചെയ്‌തു എന്ന പ്രചാരണം തെറ്റാണ്. ആദിമ മനുഷ്യരുടെ ജീവിതം എങ്ങനെയായിരുന്നുവെന്ന് ലോകത്തിന് മുമ്പില്‍ അവതരിപ്പിക്കപ്പെടുന്നത് പുതിയ കാര്യമല്ല. ലോകത്ത് എല്ലായിടത്തും ആദിമ മനുഷ്യരുടെ ജീവിത രീതികളും അവരുടെ ആചാര അനുഷ്‌ഠാനങ്ങളും പരിചയപ്പെടുത്തുന്നത് നാം കാണാറുണ്ട്. റിപ്പബ്ലിക് ദിന പരേഡില്‍ രാജ്യത്താകെയുള്ള ജന വിഭാഗങ്ങളുടെ ജീവിതത്തിന്‍റെ പരിച്ഛേദം അടയാളപ്പെടുത്താറുണ്ട്.
അതില്‍ ആദിവാസികള്‍ അടക്കമുള്ള ജന സമൂഹത്തിന്‍റെ ജീവിത ശൈലികള്‍ അവതരിപ്പിക്കുന്നത് ജനശ്രദ്ധ നേടാറുമുണ്ട്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഗദ്ദിക എന്ന പരിപാടിയിലൂടെ വിവിധ ആദിവാസി വിഭാഗങ്ങളുടെ ജീവിതവും അവരുടെ സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളും പ്രമേയമാക്കി അവതരിപ്പിച്ച പരിപാടി വലിയ ജനശ്രദ്ധ നേടിയിരുന്നു. അതില്‍ അവതരിപ്പിച്ചതില്‍ കൂടുതലൊന്നും കേരളീയത്തില്‍ ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.