തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡ് തല സമിതികൾ വീടുകളിലെത്തി വിവരശേഖരണം നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. തദ്ദേശ പ്രതിനിധികളുമായുള്ള വീഡിയോ കോൺഫറൻസിങ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വാർഡ് തല സമിതികൾ രൂപീകരിക്കാത്ത തദ്ദേശസ്ഥാപനങ്ങളെ മുഖ്യമന്ത്രി യോഗത്തിൽ വിമർശിച്ചു.
ഇനിയും വാർഡ് തല സമിതികൾ രൂപീകരിക്കാത്ത സ്ഥാപനങ്ങൾ എത്രയും പെട്ടെന്ന് സമിതികൾ രൂപീകരിച്ച് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നുനിൽക്കുന്ന പ്രദേശങ്ങളിൽ ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തണം. ഇത്തരം മേഖലകളിൽ ആംബുലൻസിന് പകരം ബൈക്ക് പ്രായോഗികമല്ല. ഇതിനായി മറ്റു വാഹനങ്ങൾ കരുതി വയ്ക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. പഞ്ചായത്ത് പരിധികളിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരുടെ പട്ടിക തയാറാക്കണം. രോഗികൾ ഉള്ള എല്ലാ പ്രദേശങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ സേവനം ഏർപ്പെടുത്തണം. അശരണർക്കും കിടപ്പുരോഗികൾക്ക് ആവശ്യമായ വൈദ്യ സഹായങ്ങൾ എത്തിച്ചു നൽകണമെന്നും തദ്ദേശ പ്രതിനിധികളോട് മുഖ്യമന്ത്രി നിർദേശിച്ചു. ഇന്നലെ പുന്നപ്ര സി.എഫ്.എൽ.ടി.സിയിലെ സംഭവം ചൂണ്ടിക്കാട്ടി ആയിരുന്നു മുഖ്യമന്ത്രിയുടെ നിർദേശങ്ങൾ മുന്നോട്ട് വച്ചത്.