തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്‌തതിനു ശേഷമായിരുന്നു സംഘർഷം നടന്നത്. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർ പൊലീസിന് നേരെ വടികളും കല്ലുകളും എറിഞ്ഞു.
പൊലീസ് പ്രവർത്തകർക്ക് നേരെ നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. വീണ്ടും സംഘടിച്ചെത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. പ്രവർത്തകർക്ക് നേരെ പലതവണ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു.
പൊലീസും പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. ഇതോടെ പൊലീസ് ലാത്തി വീശി. തുടർന്ന് റോഡ് ഉപരേധിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറിൽ മാനോരമ ന്യൂസ് ചാനലിലെ ഡ്രൈവർ ബിവിന് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ ബിവിനെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരസഭയ്ക്ക് മുന്നിൽ വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.