തിരുവനന്തപുരം: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ എസ് എഫ് ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ എച്ച് നാഗരാജു ഇന്ന് ഡിജിപിക്ക് റിപ്പോർട്ട് നൽകും.(Thiruvananthapuram City Police Commissioner H Nagaraju will submit a report to the DGP today regarding the SFI operatives who stopped Kerala Governor Arif Mohammad Khan on his way to the airport.) റിപ്പോർട്ട് ഇന്നലെ നൽകാനായിരുന്നു നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതിനാൽ വൈകിയെന്നാണ് ലഭിക്കുന്ന വിവരം.
ചീഫ് സെക്രട്ടറി വി വേണു ഗവർണർക്ക് വിശദീകരണം നൽകുക സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും . സംസ്ഥാന പൊലീസ് മേധാവി, സംഭവത്തിൽ നേരത്തെ ചീഫ് സെക്രട്ടറി എന്നിവരോട് ഗവർണർ വിശദീകരണം തേടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെയാണ് പൊലീസ് ആസ്ഥാനത്ത് ലഭിച്ചതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സുരക്ഷാവീഴ്‌ച സംബന്ധിച്ച് ഇതുവരെ കൈക്കൊണ്ട നടപടികളും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഗവർണറുടെ വാഹനത്തിന് നേരെ എസ് എഫ് ഐ പ്രവർത്തകർ കരിക്കൊടി കാട്ടിയ കേസിൽ ഏഴു പ്രതികളുടെയും ജാമ്യ അപേക്ഷയിൽ വാദം പൂർത്തിയായി വിധി ഇന്ന് കോടതി പ്രഖ്യാപിക്കും.
തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് അഭിനിമോൾ രാജേന്ദ്രനാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. 124 IPC നിയമ പരമായി വ്യാഖ്യാനിച്ചാൽ ഇനി ചെയ്യാനിരിക്കുന്ന, ഭാവിയിൽ ചെയ്യാനിരിക്കുന്ന ഗവർണറുടെ നിയമ പരമായ കർത്തവ്യങ്ങൾ തടയാനായി ഉള്ള ഉദ്ദേശ്യത്തോടെ തടഞ്ഞാലേ 124 IPC കുറ്റം നിലനിൽക്കു. ഇവിടെ ഗവർണർ സർവകലാശാലയിൽ നോമിനേഷൻ നടത്തിയത് കഴിഞ്ഞു പോയ നടപടി ആണ്. ചെയ്യാനിരിക്കുന്ന നടപടികൾ തടസം വരുത്തണം എന്ന ഉദ്ദേശ്യത്തിൽ കുറ്റം ചെയ്‌താലേ 124 IPC നിലനിൽക്കുക ഉള്ളു എന്ന സംശയം അസി. പബ്ലിക് പ്രാസിക്യൂട്ടർ കല്ലംമ്പള്ളി മനു കോടതിയെ അറിയിച്ചു. അതേസമയം എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഗുരുതരമായ ഐപിസി 124 വകുപ്പ് ചുമത്തിയതിൽ സർക്കാരിനും അതൃപ്‌തിയുണ്ട്. ജനാധിപത്യപരമായ പ്രതിഷേധമാണ് നടന്നതെന്നും ഇത്തരം വകുപ്പുകൾ ചുമത്താൻ പാടില്ലെന്നും ഗവർണറുടെ ഓഫീസ് കൊടുത്ത റിപ്പോർട്ട് പ്രകാരമാണ് നടപടിയെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം അർഷോ ആരോപിച്ചു.
also read:സെനറ്റ് നോമിനേഷൻ ലിസ്‌റ്റ് ഗവർണര്‍ക്ക് ആരാണ് നല്‍കിയതെന്നത് ഇപ്പോഴും ദുരൂഹം; പിഎം ആർഷോ