തിരുവനന്തപുരം: രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പൗരത്വ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ഭരണ കക്ഷിയായ സിപിഎം അടക്കമുള്ള പാര്‍ട്ടികളാണ് പൗരത്വത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് സമരം ചെയ്യുന്ന സാഹചര്യമുണ്ടായതും ഈ പൗരത്വത്തിനെതിരെയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം പ്രതിഷേധങ്ങള്‍ക്ക് മുന്നിലുണ്ടായിരുന്നു. പ്രതിഷേധങ്ങളിലൂടെ ന്യൂനപക്ഷ പിന്തുണയും തുടര്‍ ഭരണവും ഉറപ്പാക്കിയ സര്‍ക്കാര്‍ പ്രതിഷേധങ്ങള്‍ക്ക് എതിരെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്‌ത മുഴുവന്‍ കേസുകളും പിന്‍വലിക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം നിരവധി പേര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ മുഴുവനായും പിന്‍വലിക്കപ്പെട്ടിട്ടില്ലെന്നാണ് കണക്കുകൾ.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്‌തത്. അതില്‍ 776 കേസുകള്‍ ക്രിമിനല്‍ കേസുകളാണ്. അതില്‍ 59 കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി ക്രമങ്ങള്‍ മാത്രമാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. മറ്റ് 59 കേസുകളിലാണ് സിആര്‍പിസി 321 പ്രകാരം കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയിരിക്കുന്നത്.
2021 ഫെബ്രുവരി 26നാണ് ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് ഉത്തരവായത്. ഇത്തരത്തില്‍ സര്‍ക്കാര്‍ നിരാക്ഷേപ പത്രം നല്‍കിയ കേസുകള്‍ പിന്‍വലിക്കുന്നതില്‍ കോടതി നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
159 കേസുകളാണ് കോഴിക്കോട് രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. 23 കേസുകളില്‍ നിരാക്ഷേപപത്രം നല്‍കിയ തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടി തുടങ്ങിയത്. 9 ജില്ലകളില്‍ ഒരു കേസ് പോലും പിന്‍വലിക്കാന്‍ നടപടി തുടങ്ങിയിട്ടില്ല. തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് നടപടികള്‍ ആരംഭിക്കാത്തത്.
ജില്ല | രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ | പിന്‍വലിക്കാന്‍ നടപടി തുടങ്ങിയ ജില്ല |
തിരുവനന്തപുരം | 86 | 0 |
കൊല്ലം | 44 | 1 |
ആലപ്പുഴ | 25 | 0 |
പത്തനംതിട്ട | 16 | 0 |
കോട്ടയം | 26 | 18 |
എറണാകുളം | 55 | 10 |
തൃശൂര്‍ | 86 | 23 |
ഇടുക്കി | 17 | 0 |
പാലക്കാട് | 85 | 0 |
മലപ്പുറം | 93 | 0 |
കോഴിക്കോട് | 159 | 0 |
വയനാട് | 32 | 7 |
കണ്ണൂര്‍ | 93 | 0 |
കാസര്‍കോട് | 18 | 0 |
പി.കെ ബഷീര്‍ എം.എല്‍.എയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയെ രേഖാമൂലം അറിയിച്ചതാണ് കേസുകളെ സംബന്ധിച്ചുള്ള ഈ വിവരങ്ങളെല്ലാം.
പൗരത്വഭേദഗതിയും പ്രതിഷേധങ്ങളും: ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ക്കും ആശങ്കകള്‍ക്കും സാഹചര്യമൊരുക്കിയതായിരുന്നു 2019 ഡിസംബറില്‍ ഇന്ത്യ ഗവണ്‍മെന്‍റ് നടപ്പിലാക്കാന്‍ ശ്രമിച്ച പൗരത്വ ഭേദഗതി നിയമം. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങിയ പുതിയ ഭേദഗതികള്‍ക്കെതിരെ ആദ്യം പ്രതിഷേധം ഉയര്‍ന്നത് അസമിലായിരുന്നു. തുടര്‍ന്ന് മേഘാലയ, അരുണാചല്‍ പ്രദേശ്, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ പ്രതിഷേധത്തിന്‍റെ ധ്വനികള്‍ ഉയരാന്‍ തുടങ്ങി.
ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്ന് (അഫ്‌ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്) മതപരമായ പ്രയാസങ്ങളെയും പീഡനങ്ങളെയും തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറി പാര്‍ത്ത ഹിന്ദു, ക്രിസ്‌ത്യന്‍, ജൈന, ബുദ്ധ, സിഖ് മതങ്ങളില്‍ ഉള്‍പ്പെട്ടവരെ സ്വീകരിക്കാന്‍ സിഎഎ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യുന്നു. അതേസമയം അതേ രാജ്യങ്ങളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നോ ഇന്ത്യയിലെത്തിയ മുസ്‌ലിം മത വിശ്വാസികളേയോ മറ്റ് സമുദായത്തില്‍ ഉള്‍പ്പെട്ടവരേയോ ബില്ലില്‍ പരാമര്‍ശിക്കുന്നില്ല.
ശ്രീലങ്കയില്‍ നിന്ന് കുടിയേറിയ തമിഴര്‍, മ്യാന്‍മറില്‍ നിന്നെത്തിയ റോഹിങ്ക്യന്‍സ്, ടിബറ്റന്‍ അഭയാര്‍ഥികളെയും ബില്ലില്‍ പരാമര്‍ശിച്ചിരുന്നില്ല. കേന്ദ്ര ഗവണ്‍മെന്‍റ് നടപ്പിലാക്കാനൊരുങ്ങി ഭേദഗതിയില്‍ മതാടിസ്ഥാനത്തിലുള്ള വിവേചനമുണ്ടെന്നും രാജ്യത്ത് നടപ്പിലാക്കാനൊരുങ്ങുന്ന ഈ ഭേദഗതി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നത്.