തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കോഴിക്കോട് ബേപ്പൂർ കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സിഐ പിആർ സുനുവിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സ്വഭാവദൂഷ്യം, കേരള പൊലീസ് ആക്‌ട് സെക്ഷൻ 86 പ്രകാരമാണ് സുനുവിനെതിരായ നടപടി.
പൊലീസിന്‍റെ ചരിത്രത്തിലാദ്യമായാണ് പൊലീസ് ആക്‌ട് സെക്ഷൻ 86 പ്രകാരം ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുന്നത്. പൊലീസിലെ ക്രിമിനലുകൾക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശക്തമായ നിർദേശത്തെ തുടർന്നാണ് ഈ നടപടിയെന്നാണ് പൊലീസ് ഭാഷ്യം. പിആർ സുനുവിനെതിരെ ആറ് ക്രിമിനൽ കേസുകളുണ്ട്. ഇതിൽ നാലെണ്ണം സ്ത്രീപീഡന പരാതികളിൽ കേസെടുത്തവയാണ്. ഇതിന് മുൻപ് 15 തവണ ഇയാൾ വകുപ്പുതല നടപടികൾ നേരിട്ടിരുന്നു.
പിരിച്ചുവിടാതിരിക്കാനുള്ള കാരണം കാണിക്കാൻ ഇയാളോട് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇയാൾ കാരണം കാണിക്കാൻ ഡിജിപിക്ക് മുൻപിൽ ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് പിരിച്ചുവിട്ടുകൊണ്ട് ഡിജിപിയുടെ ഉത്തരവുണ്ടായത്.