തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പദത്തില്‍ ഇന്ന് തുടര്‍ച്ചയായി 2365ാം ദിവസത്തിലേക്കു കടന്ന് പിണറായി വിജയന്‍ പുതിയ റെക്കോഡിട്ടു. കേരളത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന സിപിഐ നേതാവ് സി. അച്യുതമേനോന്‍റെ റെക്കോഡാണ് പിണറായി വിജയന്‍ തിരുത്തിയത്. അച്യുതമേനോന്‍ തുടര്‍ച്ചയായി 2364 ദിവസമാണ് മുഖ്യമന്ത്രിയായിരുന്നത്.
1970 ഒക്ടോബര്‍ നാല് മുതല്‍ 1977 മാര്‍ച്ച് 25 വരെയായിരുന്നു തുടര്‍ച്ചയായി അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരുന്നത്. 2016 മെയ് 25 ന് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തിയ പിണറായി തുടര്‍ച്ചയായ രണ്ടു മന്ത്രിസഭകളിലായാണ് 2365 ദിവസം പൂര്‍ത്തിയാക്കുന്നത്. ഒരു മന്ത്രിസഭയുടെ കാലാവധി നിയമപരമായി അഞ്ച് വര്‍ഷമാണെങ്കിലും അടിയന്തരാവസ്ഥയുടെ സാഹചര്യത്തില്‍ അച്യുതമേനോന് രണ്ട് വര്‍ഷം കൂടി കാലാവധി നീട്ടിക്കിട്ടിയതിനാലാണ് തുടര്‍ച്ചയായി ഇത്രയും ദിവസം ലഭിച്ചത്.
1970 സിപിഐയും കോണ്‍ഗ്രസും ഉള്‍പ്പെട്ട മുന്നണിയുടെ ഭാഗമായാണ് അച്യുതമേനോന്‍ 1977 വരെ മുഖ്യമന്ത്രി പദത്തില്‍ തുടര്‍ന്നത്. 1977ല്‍ അടിയന്തരാവസ്ഥയ്‌ക്കു ശേഷമുള്ള തെരഞ്ഞെടുപ്പിലും ഇതേ മുന്നണിക്ക് തുടര്‍ ഭരണം ലഭിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കുകയും കെ. കരുണാകരന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യുകയുമായിരുന്നു. പിണറായി വിജയന് മൂന്നരവര്‍ഷത്തോളം കാലാവധി ബാക്കി നില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ റെക്കോഡ് ഉടനെയാരും മറികടക്കാൻ സാധ്യതയില്ല.