തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീ കോരിയിടുന്ന വര്‍ത്തമാനങ്ങള്‍ പറയാതിരിക്കലാണ് ഏറ്റവും ഉചിതമെന്ന് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഒരു കൂട്ടര്‍ക്ക് കൊടുക്കുന്നതില്‍ കുറവ് വരുത്താതെ മറ്റൊരു കൂട്ടര്‍ക്ക് കൊടുക്കുന്നതില്‍ എന്താണ് തര്‍ക്കമെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഹൈക്കോടതി നിർദേശിച്ചത് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പ് നല്‍കണമെന്നാണ്. ഇപ്പോള്‍ കിട്ടുന്ന വിഭാഗത്തിന് ഒരു കുറവും ഉണ്ടാകാതെ ജനസംഖ്യാപരമാക്കുകയും ചെയ്തു.
എല്ലാ വിഭാഗങ്ങള്‍ക്കും സന്തോഷമുള്ള കാര്യമാണത്. അതുകൊണ്ടാണ് പ്രതിപക്ഷ നേതാവടക്കം എല്ലാവരും ആദ്യഘട്ടത്തില്‍ അതിനെ സ്വാഗതം ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂനപക്ഷമെന്ന നിലയ്‌ക്ക് അർഹരായ കുട്ടികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. അതിനെ ആ നിലയ്‌ക്ക് മാത്രം കാണുക. അതിൽ അനാവശ്യ വാദപ്രതിവാദങ്ങൾ നടത്തി സമൂഹത്തിന്‍റെ പ്രത്യേകത കളയരുതെന്നും അത് അപകടമാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ALSO READ: ന്യൂനപക്ഷ സ്കോളർഷിപ്പ്; ആര്‍ക്കും ആനുകൂല്യം നഷ്ടപ്പെടില്ലെന്ന് എം.വി ഗോവിന്ദൻ