തിരുവനന്തപുരം: പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ആളെ സസ്‌പെന്‍ഡ് ചെയ്തതു കൊണ്ട് എല്ലാം അവസാനിച്ചുവെന്ന് വരുത്താനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്‍റെയും ശ്രമം വിലപ്പോകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെങ്കില്‍ അതിന്‍റെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രക്കു തന്നെയാണ്. പന്ത്രണ്ട് ദിനരാത്രങ്ങളായി ശിവശങ്കറെ രക്ഷിക്കാന്‍ മുഖ്യമന്ത്രി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു.
മുഖ്യമന്ത്രി ഇനിയും അധികാരത്തില്‍ കടിച്ചു തൂങ്ങാതെ എത്രയും വേഗം രാജിവച്ചൊഴിയണം. സമഗ്രമായ ഒരു സി.ബി.ഐ അന്വേഷണം ഏര്‍പ്പെടുത്തണം. ചീഫ് സെക്രട്ടറിയുടെ അന്വേഷണം എങ്ങുമെത്താന്‍ പോകുന്നില്ല. കാളപെറ്റെന്ന് പ്രതിപക്ഷത്തെ പരിഹസിച്ച മുഖ്യമന്ത്രി പെറ്റത് പശുവാണെന്നും കറന്നത് പാല്‍ തന്നെയെന്നും മനസിലായി. ആരോപണം ഉന്നയിക്കുമ്പോള്‍ ഉറപ്പു വേണമെന്ന് പ്രതിപക്ഷത്തെ ഉപദേശിച്ച മുഖ്യമന്ത്രി താന്‍ ഉന്നയിച്ച ഏതാരോപണമാണ് കളവായതെന്ന് വ്യക്തമാക്കണം.
സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയില്ലാത്തതു കൊണ്ടാണ് പ്രതിപക്ഷം അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. അവിശ്വാസ നോട്ടീസ് നല്‍കിയാല്‍ ആദ്യം പരിഗണിക്കേണ്ടത് അതാണ്. ധന ബില്ല് അതിനു ശേഷം മാത്രമേ സഭയ്ക്ക് പരിഗണനയ്‌ക്കെടുക്കാനാകൂ. ധന ബില്ല് പാസാക്കേണ്ടതുണ്ടെങ്കില്‍ കാര്യോപദേശക സമിതി കൂടി ഇക്കാര്യം തീരുമാനിക്കട്ടെയെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. സ്പീക്കര്‍ക്കെതിരെ വ്യക്തിപരമായ വിരോധമില്ലെന്നും ചെന്നിത്തല പറഞ്ഞു.