തിരുവനന്തപുരം : സത്യപ്രതിജ്ഞയ്ക്ക് മുമ്പായി അനുഗ്രഹം തേടി പുരോഹിതരെ സന്ദര്‍ശിച്ച്, ക്ഷേത്ര ദര്‍ശനവും നടത്തി ചാണ്ടി ഉമ്മന്‍. ഇന്നലെ രാവിലെ 7.30 യോടെ പുതുപ്പള്ളി ഹൗസില്‍ നിന്നും പുറപ്പെട്ട ചാണ്ടി ഉമ്മന്‍ ആദ്യം ആറ്റുകാല്‍ ക്ഷേത്രത്തിലായിരുന്നു സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെത്തിയതിന് ശേഷം പാളയം ഇമാമിനെയും സന്ദര്‍ശിച്ചു (Chandy Oommen Visited Priests And Temple).
രാവിലെ 10 മണിക്ക് നിയമസഭ ചോദ്യോത്തരവേളക്ക് ശേഷമാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്‌തത്. കുടുംബാംഗങ്ങളോടാപ്പമാണ് ചാണ്ടി ഉമ്മന്‍ സത്യപ്രതിജ്ഞക്കായി എത്തിയത്. ഇന്നലെ രാവിലെ തിരുവനന്തപുരം ചെങ്കല്‍ മഹേശ്വരം ശിവപാര്‍വതി ക്ഷേത്രത്തിലെത്തി പഞ്ചസാര കൊണ്ട് ചാണ്ടി ഉമ്മന്‍ തുലാഭാരം നടത്തിയിരുന്നു. ക്ഷേത്ത്രില്‍ പുതുതായി നിര്‍മിക്കാനൊരുങ്ങുന്ന ദേവലോകത്തിന്‍റെ ആധാരശിലാസ്ഥാപന കര്‍മ്മത്തിലും ചാണ്ടി ഉമ്മന്‍ പങ്കെടുത്തു.
തുടര്‍ന്ന് പൊന്‍വിളയില്‍ ആക്രമണം നേരിട്ട ഉമ്മന്‍ ചാണ്ടി സ്‌മൃതി മണ്ഡപം സന്ദര്‍ശിച്ച് മെഴുകുതിരി കത്തു. ഉമ്മന്‍ ചാണ്ടി സ്‌മൃതി മണ്ഡപത്തിനോട് ചേര്‍ന്നുള്ള ബസ് സ്റ്റാന്‍ഡില്‍ ഏറെനേരം നാട്ടുകാരുമായി സംസാരിച്ച ശേഷമായിരുന്നു അവിടെ നിന്നും മടങ്ങിയത്. പൊന്‍വിന്‍വിളയിലെ വ്യാകുലമാതാവിന്‍റെ കുരിശടിയിലും ചാണ്ടി ഉമ്മന്‍ മെഴുകുതിരി കത്തിച്ചിരുന്നു. തുടര്‍ന്ന് കന്യാകുമാരിയിലേക്കായിരുന്നു പോയത്. കന്യാകുമാരിയിലെ മുളകുംമൂട്, തിരുവിതാംകോട്, കന്യാകുമാരി ആരാധനാലയങ്ങളില്‍ ചാണ്ടി ഉമ്മന്‍ സന്ദര്‍ശനം നടത്തി. വിവേകാനന്ദ സ്‌മാരകവും സന്ദര്‍ശിച്ച ശേഷമാണ് തലസ്ഥാനത്തേക്ക് മടങ്ങിയത്.
ഇന്നലെ രാത്രി 8.30 ഓടെ എകെ ആന്‍റണിയുടെ വഴുതക്കാട്ടെ വസതിയായ അഞ്ജനത്തിലെത്തി അനുഗ്രഹം വാങ്ങി. രാത്രി വൈകി വെട്ടുകാട് പള്ളിയിലെത്തി പിതാവിനെയും സന്ദര്‍ശിച്ച ശേഷമാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിലേക്ക് മടങ്ങിയത്. ചോദ്യോത്തരവേളക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്‌ത ചാണ്ടി ഉമ്മന്‍ തന്‍റെ ആദ്യ സഭ നടപടികളില്‍ പങ്കെടുക്കും (Chandy Oommen oath ceremony).
എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും ഭരണപക്ഷത്തിനെതിരെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലേക്ക് എത്തിയത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയ ചാണ്ടി ഉമ്മനും കോണ്‍ഗ്രസിന്‍റെ കൂടെ ഇത്തവണ പ്രതിഷേധത്തിന് ഉണ്ടാകും. പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ച അധിക വോട്ടുകള്‍ ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.
ഉമ്മന്‍ ചാണ്ടിയോടുള്ള സഹതാപ വോട്ടിനേക്കാള്‍ ഉപരി ഭരണവിരുദ്ധ വോട്ടുകള്‍ ആണ് കോണ്‍ഗ്രസിന് ലഭിച്ചതെന്ന് ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രതിപക്ഷം അവകാശവാദം ഉന്നയിച്ചിരുന്നു. കൂടാതെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിന്‍റെ അവസാനം ഉയര്‍ന്നുവന്ന മാസപ്പടി വിവാദവും പിന്നാലെ പ്രതിപക്ഷമുയര്‍ത്തിയ ഏഴ് ചോദ്യങ്ങളും നിയമസഭയെ കലുഷിതമാക്കാന്‍ സാധ്യതയുണ്ട്.