തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ മേഖല മികച്ചതെന്നതില്‍ എതിരഭിപ്രായമില്ല. എന്നാല്‍ നമ്മുടെ ആരോഗ്യമേഖലയിലെ എല്ലാം സുസജ്ജമെന്ന് പറയാന്‍ കഴിയുമോ എന്നതില്‍ വിശദമായ പരിശോധന ആവശ്യമാണ്. കൊവിഡ്, പകര്‍ച്ച പനി, പകര്‍ച്ചവ്യാധികള്‍, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങി നിരവധി വെല്ലുവിളികളാണ് ആരോഗ്യമേഖല ദിവസവും നേരിടുന്നത്. വെല്ലുവിളികള്‍ നേരിടാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് ശേഷിയുണ്ടെങ്കിലും മാനവ വിഭവശേഷിയുടെ കാര്യത്തില്‍ ആരോഗ്യ രംഗം ഇപ്പോഴും ഏറെ പിന്നിലാണ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി ആരോഗ്യമേഖലയിലെ പ്രധാന മേഖലകളിലെല്ലാം ജീവനക്കാരുടെ കുറവ് വെല്ലുവിളിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കനത്ത ജോലി ഭാരവുമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ആശുപത്രികളില്‍ രോഗികളും ആരോഗ്യ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തിനും ഇത് കാരണമാകുന്നുണ്ട്. അടുത്ത കാലത്തായി നമ്മുടെ ആശുപത്രികളുടെ അന്തരീക്ഷത്തിലും ചികിത്സ സൗകര്യങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ മാറ്റത്തിന് ആനുപാതികമായ ജീവനക്കാരെ നിയമിച്ചിട്ടുണ്ടോ എന്ന് ആരും പരിശോധിക്കുന്നില്ല.
പ്രവര്‍ത്തനം 1961ലെ സ്റ്റാഫ് പാറ്റേണില്‍: സംസ്ഥാനത്തെ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പാറ്റേണ്‍ 1961ല്‍ ക്രമീകരിച്ചതാണ്. കഴിഞ്ഞ 61 വര്‍ഷമായി വന്നിട്ടുള്ള ജനസംഖ്യ വര്‍ധന, രോഗങ്ങളുടെ വര്‍ധന ഇവയൊന്നും തന്നെ ആരോഗ്യ മേഖലയില്‍ ജീവനക്കാരെ നിശ്ചയിക്കുന്നതില്‍ പ്രതിഫലിച്ചിട്ടില്ല. ഇപ്പോഴും കേരളത്തിലെ ഡോക്ടര്‍ രോഗി അനുപാതം 10ന് മുകളിലാണ്.
തിരക്കുള്ള ഒരു ആശുപത്രിയിലെ ഒപിയില്‍ ഒരു ഡോക്ടര്‍ നോക്കേണ്ടി വരുന്നത് നൂറിന് മുകളില്‍ രോഗികളെയാണ്. പനിയടക്കമുള്ള പകര്‍ച്ച വ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യമാണെങ്കില്‍ അത് ഇരുന്നൂറിന് മുകളില്‍ വരെയെത്തുന്നുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഇത്തരത്തില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുകയും ഡോക്ടര്‍മാരുടെ എണ്ണം കുറയുകയുമാണെങ്കില്‍ വിദഗ്ദ്ധവും കൃത്യവുമായ ചികിത്സ എങ്ങനെ ഉറപ്പാക്കാനാവും എന്നത് വലിയ വെല്ലുവിളിയാണ്. 2018 ലെ കണക്കനുസരിച്ച് 38004 ബെഡുകളാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡോക്ടര്‍മാരുടെ എണ്ണം 4967 ആണ്. ഡോക്ടര്‍ രോഗി അനുപാതം 7.65 ആയിരുന്നു. എന്നാല്‍ ഇന്ന് മെഡിക്കല്‍ കോളജുകളുടെ എണ്ണം അടക്കം ചികിത്സാ സൗകര്യം വര്‍ധിച്ചിട്ടുണ്ട്. അപ്പോഴും ഡോക്ടര്‍മാരുടെ എണ്ണത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.
മെഡിക്കല്‍ കോളജ് 11, ജില്ല ആശുപത്രികള്‍ 18: സംസ്ഥാനത്ത് നിലവില്‍ പ്രവര്‍ത്തിക്കുന്നത് 11 മെഡിക്കല്‍ കോളജുകളാണ്. മൂന്ന് മെഡിക്കല്‍ കോളജുകള്‍ കൂടി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. പാലക്കാട്, ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളാണ് അംഗീകാരം കാത്തിരിക്കുന്നത്. പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ കൊല്ലം, മലപ്പുറം, പത്തനംതിട്ട, കാസര്‍കോട് മെഡിക്കല്‍ കോളജുകള്‍ പൂര്‍ണ്ണമായും സജ്ജമായിട്ടില്ല.
ഇവയെ കൂടാതെ 18 ജനറല്‍ ആശുപത്രികളും 18 ജില്ലാ ആശുപത്രികളും 41 താലൂക്ക് ഹെഡ് ആശുപത്രികളും 40 താലൂക്ക് ആശുപത്രികളും കേരളത്തിലുണ്ട്. 232 കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകളും 848 പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോക്ടര്‍മാരുടെ സംഘടനകളുടെ ആവശ്യം: ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം വര്‍ധിപ്പിക്കണം എന്നത് ഡോക്ടര്‍മാരുടെ ഏറെ നാളത്തെ ആവശ്യമാണ്. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും മെഡിക്കല്‍ ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവില്‍ പ്രതിഷേധത്തിലാണ്. രോഗികളെ പരിശോധിക്കുന്നതിലും അത്യാഹിത വിഭാഗം കൈകാര്യം ചെയ്യുന്നതിലും അടക്കം ഡോക്ടർമാരുടെ കുറവ് സാരമായി ബാധിക്കുന്നു എന്നാണ് ഇവരുടെ വാദം.
ഡോക്ടർമാരുടെ ജോലിഭാരത്തിനൊപ്പം രോഗികള്‍ക്ക് മികച്ച ചികിത്സ ലഭിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്. താലൂക്ക് ആശുപത്രി മുതൽ ജില്ലാ ആശുപത്രികളിലെ വരെ കാഷ്വാലിറ്റികളിൽ പലപ്പോഴും ഒരു ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാവുക. ഇത് മൂലം ഈ ആശുപത്രികളിൽ ചികിത്സ പൂർത്തിയാക്കേണ്ട രോഗികളെ പോലും പ്രാഥമിക ശുശ്രൂഷ നൽകി മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യേണ്ട അവസ്ഥയാണ്. ഇങ്ങനെ ചെയ്യുന്നത് മെഡിക്കൽ കോളജുകളിൽ രോഗികളുടെ എണ്ണം കൂടാന്‍ കാരണമാകുകയാണ്. അമിത ജോലി ഭാരത്തിനിടയിൽ ഉണ്ടാക്കുന്ന ചെറിയ വീഴ്ചകള്‍ക്ക് സസ്പെൻഷൻ അടക്കമുള്ള നടപടികള്‍ എടുക്കുന്നതിലും ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധമുണ്ട്.
നഴ്‌സ്‌മാരുടെ കുറവ്: ഡോക്ടർമാരുടെ എണ്ണത്തിൽ മാത്രമല്ല നഴ്‌സ്‌മാരുടെ കാര്യത്തിലും വലിയ കുറവാണുള്ളത്. നഴ്‌സ് രോഗി അനുപാതം ഐ.സി.യുകളിൽ 1: 1 ഉം വാർഡുകളിൽ ഇത് 1: 4 മാണ്. എന്നാൽ നമ്മുടെ ആശുപത്രി വാർഡുകളിൽ നഴ്‌സ് രോഗി അനുപാതം 1:40 വരെയാണ്. ഇത് കൂടാതെയാണ് വർക്ക് അറേഞ്ച്മെന്‍റിന്‍റെ പേരിൽ മറ്റ് ആശുപത്രികളിലേക്ക് നഴ്‌സ്‌മാരെ മാറ്റി നിയമിക്കുന്നതും ജോലി ഭാരം കൂടിയ ആശുപത്രികളിൽ വെല്ലുവിളിയാകുന്നുണ്ട്.
ഇത്രയും പരിമിതികൾക്കിടയിലും നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനം മികച്ചത് തന്നെയാണ്. കൊവിഡും നിപയും അടക്കമുള്ള മാരക പകർച്ച വ്യാധികൾ നാം നേരിട്ടതിന് പിന്നിൽ ഇവരുടെ കഠിനമായ പ്രവർത്തനം തന്നെയാണ്. ശക്തമായ സ്വകാര്യ മേഖലയും ആരോഗ്യ സംവിധാനം മികച്ച നിലയില്‍ നിലനിര്‍ത്താന്‍ സംസ്ഥാനത്ത സഹായിക്കുന്നുണ്ട്. എന്നിരുന്നാലും ഏറെ പേരും ആശ്രയിക്കുന്നത് സർക്കാർ മേഖലയെ തന്നെയാണ് എന്നത് മികവിനെ സൂചിപ്പിക്കുന്നു. അവയവമാറ്റ ശസ്ത്രക്രിയയിലടക്കം സംസ്ഥാനത്തെ ആരോഗ്യ സംവിധാനം മികവ് പുലർത്തിയിട്ടുണ്ട്. ആവശ്യമായ എണ്ണം ആരോഗ്യ പ്രവർത്തകർ കൂടിയായാൽ ഈ മേഖല ഇനിയും മികവുറ്റതാകുമെന്നുറപ്പാണ്.
Also Read: 'മഹാമാരി ഒഴിഞ്ഞിട്ടില്ല': 110 രാജ്യങ്ങളിൽ കൊവിഡ് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന